കാനഡയില്‍ രഹസ്യാന്വേഷണവും ആക്രമണവും നടത്തുന്നതിന് അമിത് ഷായും റോ ഉദ്യോസ്ഥനും അംഗീകാരം നല്‍കിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

കാനഡയില്‍ രഹസ്യാന്വേഷണവും ആക്രമണവും നടത്തുന്നതിന് അമിത് ഷായും റോ ഉദ്യോസ്ഥനും അംഗീകാരം നല്‍കിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്


വാഷിംഗ്ടണ്‍: ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായും ഒരു മുതിര്‍ന്ന റോ ഉദ്യോഗസ്ഥനും കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല വ്യക്തികള്‍ക്ക് നേരെ ആക്രമണത്തിനും രഹസ്യാന്വേഷണ ശേഖരണത്തിനും അനുമതി നല്‍കിയതായി കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് വിവരങ്ങള്‍ നല്‍കിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കനേഡിയന്‍ അധികാരികള്‍ തടഞ്ഞ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സംഭാഷണങ്ങളില്‍ 'ഇന്ത്യയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും റോയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും' കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കനേഡിയന്‍ അധികാരികള്‍ 'മുതിര്‍ന്ന ഉദ്യോഗസ്ഥനെ' ഷാ ആയി തിരിച്ചറിഞ്ഞതായി പറയുന്നു. ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാനുള്ള അഭ്യര്‍ഥനകളോട് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.

തിങ്കളാഴ്ച, കാനഡയിലെ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആറ് സിറ്റിംഗ് നയതന്ത്രജ്ഞരെയെങ്കിലും കനേഡിയന്‍ അധികാരികള്‍ തിരിച്ചറിഞ്ഞു പുറത്താക്കുകയായിരുന്നു. കനേഡിയന്‍ സംഭവങ്ങളില്‍ പങ്കില്ലെന്ന് ന്യൂ ഡല്‍ഹി തുടര്‍ച്ചയായി നിഷേധക്കുറിപ്പിറക്കുകയും ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് പറഞ്ഞ് 'അപരാധമായ ആരോപണങ്ങള്‍' 'ശക്തമായി' നിരസിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബര്‍ 14നാണ് ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കി കാനഡ സര്‍ക്കാര്‍ പ്രതികരിച്ചത്. 

തിങ്കളാഴ്ച, റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍ സി എം പി) കാനഡയിലുടനീളമുള്ള അക്രമ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരസ്യമായി ആരോപിച്ചു. ആര്‍ സി എം പിയുടെ ബ്രീഫിംഗിന് ശേഷം സംസാരിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഈ പ്രവൃത്തികള്‍ ചര്‍ച്ച ചെയ്യാന്‍ ഡോവലും കനേഡിയന്‍ പ്രധാനമന്ത്രിയും തമ്മില്‍ ഒക്ടോബര്‍ 12ന് സിംഗപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പരാമര്‍ശിച്ചു. സിംഗപ്പൂര്‍ യോഗത്തില്‍ കനേഡിയന്‍ അധികൃതര്‍ ഈ വിവരം ഡോവലിനെ അറിയിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ശനിയാഴ്ച സിംഗപ്പൂരില്‍ നടന്ന രഹസ്യ യോഗത്തില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഷായെക്കുറിച്ചുള്ള പരാമര്‍ശങ്ങളെക്കുറിച്ചും മറ്റ് തെളിവുകളെക്കുറിച്ചും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വിശദാംശങ്ങള്‍ പങ്കിട്ടു. ട്രൂഡോയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിന്‍, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍, കൂടാതെ ആര്‍ സി എം പിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തതായി ഡോവലിന്റെ നടപടികളും വിശദമായി വിവരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിഷ്ണോയി സംഘം ഇന്ത്യന്‍ ശൃംഖലയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ ഏജന്റുമാരുമായി ബന്ധമുള്ളതായും കാനഡയില്‍ അക്രമം നടത്തുന്നതായും ആര്‍ സി എം പി ആരോപിച്ചു. 2015 മുതല്‍ ജയിലില്‍ കഴിയുന്ന 31കാരനായ ലോറന്‍സ് ബിഷ്ണോയിയാണ് നൂറുകണക്കിനു അംഗങ്ങളുള്ള സംഘത്തിന്റെ തലവന്‍. മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാരനായ ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അദ്ദേഹം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.