ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക് തിരിച്ചുവരുന്നുവെന്ന് വിവരം. ചില ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ല്‍ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക് നിരോധിച്ചത്. നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
എന്നിരുന്നാലും, ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ടിക് ടോക് ഇപ്പോഴും ലഭ്യമല്ല. അമേരിക്കയുമായുള്ള താരിഫ് സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
2020 ജൂണിലാണ് ടിക് ടോക് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ നിരോധിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 69A പ്രകാരമായിരുന്നു നിരോധനം.
'ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഇന്ത്യയുടെ പ്രതിരോധത്തിനും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഈ ആപ്പുകള്‍ ഏര്‍പ്പെട്ടിട്ടുണ്ട്' എന്നാണ് ഐടി മന്ത്രാലയം അന്ന് പ്രസ്താവനയില്‍ പറഞ്ഞത്. അതേസമയം, ആപ്പിന്റെ തിരിച്ചുവരവിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെയോ ടിക് ടോക് കമ്പനിയുടെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ടിക് ടോകിന് യുഎസിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട് ; സ്ഥിരീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍
