ടിക് ടോക്കില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ച് വൈറ്റ് ഹൗസ്; നിരോധനം നീങ്ങുമോ?

ടിക് ടോക്കില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ച് വൈറ്റ് ഹൗസ്; നിരോധനം നീങ്ങുമോ?


വാഷിംഗ്ടണ്‍: ഏറെ കൗതുകമുണ്ടാക്കുന്ന വാര്‍ത്തയാണ് യു എസ്സില്‍ നിന്ന് വരുന്നത്. ടിക് ടോക്കില്‍ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചു. ഓഹരികള്‍ യുഎസ്സിലെ നിക്ഷേപകര്‍ക്ക് വില്‍ക്കുക, അല്ലെങ്കില്‍ നിരോധനം ഏറ്റുവാങ്ങുക എന്ന ട്രംപിന്റെ നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ല. സെപ്തംബര്‍ 17നുള്ളില്‍ തീരുമാനമെടുക്കണം എന്നാണ് ബൈറ്റ്ഡാന്‍സിനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ടിക് ടോക് ഉടമകളായ ബൈറ്റ് ഡാന്‍സിന് ഈ ആപ്പ് അമേരിക്കന്‍ നിക്ഷേപകര്‍ക്ക് വില്‍ക്കുന്നതിനുള്ള സമയം ട്രംപ് പലവട്ടം നീട്ടി നല്‍കിയിരുന്നു. 

ടിക് ടോക് അമേരിക്കന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവെച്ചാണ് ട്രംപ് നിരോധനത്തിനു വേണ്ടി നിലപാടെടുക്കുന്നത്. ചൈനീസ് സര്‍ക്കാരിന് അവരുടെ അധികാരപരിധിയിലുള്ള ബിസിനസ്സുകളില്‍ കാര്യമായ സ്വാധീനമുണ്ട്. ടിക് ടോക് പോലുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ യു എസ് ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് യുഎസ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നു. ജനുവരി 19നാണ് ടിക് ടോക് നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ട്രംപിന്റെ ഇടപെടല്‍ മൂലം നിരോധനം പിന്നീട് നീട്ടുകയായിരുന്നു. നിരോധിക്കരുതെന്നാണ് ബൈറ്റ്ഡാന്‍സ് ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ക്ക് യുഎസ്സിലെ ഓഹരികള്‍ യുഎസ് നിക്ഷേപകര്‍ക്ക് വില്‍ക്കാം.

അതെ സമയം 2024ല്‍ ട്രംപ് തന്റെ പ്രചാരണത്തിന് വലിയ തോതില്‍ ടിക് ടോക്കിനെ ആശ്രയിച്ചിരുന്നു. എന്തുകൊണ്ടാണ് ടിക് ടോക് നിരോധനം നീട്ടുന്നതെന്ന് വ്യക്തമല്ല. ഇതിനു കാരണം യു എസ്‌ചൈന വ്യാപാര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്താനാണെന്നും പറയപ്പെടുന്നു. 

ട്രംപിന്റെ പുതിയ നീക്കം ടിക് ടോക് യുഎസ്സില്‍ സ്ഥിരമായി ഉണ്ടാകുമെന്ന സൂചന നല്‍കുന്നതായാണ് അനുമാനിക്കപ്പെടുന്നത്. ടിക് ടോക് സി ഇ ഒ ഷൗ സി ചൂ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികളില്‍ ഒരാളായിരുന്നു.