ന്യൂഡല്‍ഹി: സെലിബ്രിറ്റി ഷെഫ് ഗോര്‍ഡന്‍ റാംസെ ഡല്‍ഹി വിമാനത്താവളത്തില്‍ തന്റെ ഇന്ത്യയിലെ ആദ്യത്തെ റെസ്റ്റോറന്റായ സ്ട്രീറ്റ് ബര്‍ഗര്‍ ആരംഭിച്ചു. റാംസെയുടെ കമ്പനിയായ ഗോര്‍ഡന്‍ റാംസെ റെസ്റ്റോറന്റ്‌സ് ഗ്ലോബല്‍ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 1ല്‍ ട്രാവല്‍ ഫുഡ് സര്‍വീസസുമായി പങ്കാളിത്തത്തോടെയാണ് ഔട്ട്ലെറ്റ് തുറന്നത്. റാംസെയുടെ സിഗ്‌നേച്ചര്‍ ആയ ഗോര്‍ഡന്‍സ് ഫ്രൈഡ് ചിക്കന്‍ (ജിഎഫ്സി) ബര്‍ഗര്‍ ഉള്‍പ്പെടെയുള്ള ഗൗര്‍മെറ്റ് ബര്‍ഗറുകള്‍ റെസ്റ്റോറന്റില്‍ ലഭ്യമാണ്.
ഇന്ത്യന്‍ റീട്ടെയിലര്‍ പറയുന്നതനുസരിച്ച് സ്ട്രീറ്റ് ബര്‍ഗര്‍ ബട്ടര്‍നട്ട് ഭാജി ബര്‍ഗര്‍, തന്തൂരി പനീര്‍ ബര്‍ഗര്‍ എന്നിവയും വാഗ്ദാനം ചെയ്യും. മെനുവില്‍ ക്രിസ്പ് വീഗന്‍ ബൈറ്റ്‌സ്, സലാഡുകള്‍, ഹോട്ടര്‍ ദാന്‍ ഹെല്‍ ഫ്രൈസ് തുടങ്ങിയ സൈഡ് വിഭവങ്ങളും സ്റ്റിക്കി ടോഫി പുഡ്ഡിംഗ് പോലുള്ള മധുരപലഹാരങ്ങളും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് മില്‍ക്ക് ഷേക്കുകളും കോക്ടെയിലുകളും ലഭ്യമാണ്.
റാംസെയുടെ ഇന്ത്യയിലെ വിപുലീകരണ പദ്ധതികളില്‍ ട്രാവല്‍ ഫുഡ് സര്‍വീസസുമായി ചേര്‍ന്ന് ഇന്ത്യന്‍ വിമാനത്താവളങ്ങളിലുടനീളം ആറ് ഡൈനിംഗ് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഗോര്‍ഡന്‍ റാംസെ പ്ലെയിന്‍ ഫുഡ് (മുഴുവന്‍ ദിവസത്തെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഡൈനിംഗ്), സ്ട്രീറ്റ് പിസ്സ (ആര്‍ട്ടിസാനല്‍ പിസ്സകള്‍), സ്ട്രീറ്റ് ബര്‍ഗര്‍ (ഗൗര്‍മെറ്റ് ബര്‍ഗറുകള്‍), ഗോര്‍ഡന്‍ റാംസെ പ്ലെയിന്‍ ഫുഡ് ടു-ഗോ (ക്വിക്ക്, ഹൈ-ക്വാളിറ്റി മീല്‍സ്) എന്നിവ ഇതില്‍ ഉള്‍പ്പെടും. മുംബൈ വിമാനത്താവളം ഇന്ത്യയിലെ രണ്ടാമത്തെ ഔട്ട്ലെറ്റിന് ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ തങ്ങളുടെ പാചക യാത്രയ്ക്കുള്ള പുതിയ വേദിയാണെന്നും സഞ്ചാരികള്‍ ഊര്‍ജ്ജസ്വലവും രുചികരവുമായ ഡൈനിംഗ് അനുഭവങ്ങള്‍ സ്വീകരിക്കുന്നത്് കാണാന്‍ തങ്ങള്‍ ആവേശത്തിലാണെന്നും ഗോര്‍ഡന്‍ റാംസെ റെസ്റ്റോറന്റുകളുടെ സിഇഒ ആന്‍ഡി വെന്‍ലോക്ക് പറഞ്ഞു.
റാംസെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതോടെ രാജ്യത്ത് ഒരു സമ്പൂര്‍ണ്ണ റെസ്റ്റോറന്റ് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
1997ല്‍ റാംസെ ഗോര്‍ഡന്‍ റാംസെ റെസ്റ്റോറന്റുകള്‍ സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പാചകക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം 20-ലധികം പാചകപുസ്തകങ്ങളുടെ രചയിതാവാണ്. ഹെല്‍സ് കിച്ചണ്‍, കിച്ചണ്‍ നൈറ്റ്‌മേഴ്സ്, മാസ്റ്റര്‍ഷെഫ്, ഗോര്‍ഡന്‍ റാംസേ: അണ്‍ചാര്‍ട്ടഡ്, നെക്സ്റ്റ് ലെവല്‍ ഷെഫ് എന്നിവയുള്‍പ്പെടെ ഏറ്റവും ജനപ്രിയമായ ചില പാചക പരിപാടികളുടെ അവതാരകനും കൂടിയാണ് അദ്ദേഹം. നിലവില്‍ അദ്ദേഹം ഗോര്‍ഡന്‍ റാംസേയുടെ സീക്രട്ട് സര്‍വീസും ഗോര്‍ഡന്‍ റാംസേയുടെ ഫുഡ് സ്റ്റാര്‍സും നടത്തുന്നു.
Loading...