ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ ഉടന്‍ നടപ്പായേക്കുമെന്ന് സുവിശേഷകന്‍. ആഗസ്റ്റ് 24, 25 തിയ്യതികളിലൊന്നില്‍ നിമിഷ പ്രിയയെ യെമനില്‍ തൂക്കിക്കൊല്ലുമെന്നാണ് സുവിശേഷകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
നിമിഷപ്രിയ കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ എ പോള്‍ സുപ്രിം കോടതിയെ സമീപിച്ചത്. നിമിഷപ്രിയ പറഞ്ഞിട്ടാണ് താന്‍ കോടതിയിലെത്തിയതെന്നും കെ എ പോള്‍ പറയുന്നു. പോളിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. പോളിന്റെ അവകാശവാദം ശരിയാണെങ്കില്‍ 24ന് വധശിക്ഷ നടപ്പാവുകയാണെങ്കില്‍ കോടതി കേസ് പരിഗണിക്കുന്നത് 25ന് ആയിരിക്കും.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി വ്യാജപണപ്പിരിവ് നടത്തുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കെ എ പോളിനെതേരെ നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിന് എട്ടു കോടി രൂപ നല്‍കണമെന്ന് കെ എ പോള്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചിരുന്നു. ഇത് വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.