ടെല്‍ അവീവ്: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇസ്രയേലിനെ ഒറ്റിക്കൊടുക്കുകയും ജൂത സമൂഹത്തെ ഉപേക്ഷിക്കുകയും ചെയ്ത ദുര്‍ബലനായ രാഷ്ട്രീയക്കാരനാണ് അല്‍ബനീസ് എന്നായിരുന്നു നെതന്യാഹു എക്‌സില്‍ വിമര്‍ശനം ഉന്നയിച്ച് പോസ്റ്റിട്ടത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കടുത്ത വിമര്‍ശനവുമായി നെതന്യാഹു രംഗത്തെത്തിയത്.
അദ്ദേഹം എന്തായിരുന്നോ അതിന്റെ പേരിലായിരിക്കും ചരിത്രം അല്‍ബനീസിനെ ഓര്‍മിക്കുന്നതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.
ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവായ സിംച റോത്ത്മാനെ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇതാണ് നെതന്യാഹുവിനെ പ്രകോപിപ്പിച്ചത്. ഇസ്രയേലി ഭരണമുന്നണിയിലെ അംഗമായ റോത്ത്മാന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പാണ് ഓസ്‌ട്രേലിയ വിസ റദ്ദാക്കിയത്. ഓസ്‌ട്രേലിയന്‍ ജൂത അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു റോത്ത്മാന്റെ സന്ദര്‍ശനറെ ലക്ഷ്യം.
ഓസ്‌ട്രേലിയന്‍ നടപടികള്‍ക്കുള്ള തിരിച്ചടിയെന്നോണം പാലസ്തീന്‍ അതോറിറ്റിയിലേയ്ക്കുള്ള ഓസ്‌ട്രേലിയന്‍ പ്രതിനിധികളുടെ വിസ ഇസ്രയേലും റദ്ദാക്കി.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചതു മുതല്‍ ഇസ്രയേല്‍ കടുത്ത ഭിന്നത പ്രകടിപ്പിച്ചിരുന്നു.