യൂറോപ്പിലേക്ക് എണ്ണ വിതരണം ചെയ്യുന്ന റഷ്യയുടെ ഡ്രൂഷ്ബ പൈപ്പ് ലൈന്‍ യുക്രെയന്‍ ആക്രമിച്ചു

യൂറോപ്പിലേക്ക് എണ്ണ വിതരണം ചെയ്യുന്ന റഷ്യയുടെ ഡ്രൂഷ്ബ പൈപ്പ് ലൈന്‍ യുക്രെയന്‍ ആക്രമിച്ചു


മോസ്‌കോ: റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയിലെ ഉനെച്ച പട്ടണത്തിലെ ഡ്രൂഷ്ബ പൈപ്പ്‌ലൈനില്‍ യുക്രെയ്ന്‍ വീണ്ടും ആക്രമിച്ചു. ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും റഷ്യന്‍ എണ്ണ എത്തിക്കുന്ന പൈപ്പ് ലൈനാണിത്. 

റഷ്യയുടെ യൂറോപ്പിലേക്കുള്ള ഡ്രൂഷ്ബ എണ്ണ പൈപ്പ്‌ലൈനിന്റെ നിര്‍ണായക ഭാഗമായ ഉനെച്ച എണ്ണ പമ്പിംഗ് സ്റ്റേഷനില്‍ യുക്രെയ്ന്‍ സൈന്യം ആക്രമണം നടത്തിയെന്നാണ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. റഷ്യന്‍- ബെലാറസ് അതിര്‍ത്തിയിലുള്ള പൈപ്പ്‌ലൈനില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് ഹംഗറിയുടെ വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍ട്ടോ പറഞ്ഞു. ഹംഗറിയിലേക്കുള്ള എണ്ണ വിതരണം വീണ്ടും നിര്‍ത്തിവച്ചതായി ഫേസ്ബുക്കിലെ പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനുശേഷം യുക്രെയ്‌നിയ്ന്‍ സൈന്യത്തിന്റെ ആളില്ലാ സിസ്റ്റംസ് ഫോഴ്സിന്റെ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി തന്റെ ടെലിഗ്രാം ചാനലില്‍ ആക്രമണം സ്ഥിരീകരിച്ചു. ഊര്‍ജ്ജ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഹംഗറിയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമമാണെന്നും ആക്രമണത്തെ അപലപിച്ച് ഹംഗേറിയന്‍ മന്ത്രി സിജാര്‍ട്ടോ പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി റഷ്യയും യുക്രെയ്‌നും പരസ്പരം ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് ധനസഹായം നല്‍കുന്ന വരുമാനം കുറയ്ക്കുന്നതിനും ഊര്‍ജ്ജ കയറ്റുമതി തടസ്സപ്പെടുത്തുന്നതിനും റഷ്യയ്ക്കുള്ളില്‍ ഇന്ധനക്ഷാമം സൃഷ്ടിക്കുന്നതിനുമായി കീവ് നിരവധി റഷ്യന്‍ റിഫൈനറികള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം റഷ്യ യുക്രെയ്നിനെതിരെ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്ന് നടത്തി. പടിഞ്ഞാറന്‍ യുക്രെയ്നിലെ മുകച്ചേവോയിലുള്ള അമേരിക്കന്‍ ഫാക്ടറിയില്‍ ഇടിച്ചു. കുറഞ്ഞത് 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് യുക്രെനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്കന്‍, തെക്കന്‍ മുന്‍നിരകളില്‍ നിന്ന് വളരെ അകലെയുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ട് 574 ഡ്രോണുകളും 40 മിസൈലുകളും വിക്ഷേപിച്ചതായി യുക്രെയ്‌നിയന്‍ വ്യോമസേന റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ ഫ്‌ളെക്‌സ് ലിമിറ്റഡിന്റെ പരിസരത്താണ് ആക്രമണം ഉണ്ടായതെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പറഞ്ഞു. യു എസുമായി ബന്ധമുള്ള നിര്‍മ്മാണ കേന്ദ്രം 'പൂര്‍ണ്ണമായും സിവിലിയന്‍' ആണെന്നും 'പ്രതിരോധവുമായോ സൈന്യവുമായോ യാതൊരു ബന്ധവുമില്ല' എന്നും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.