വാഷിംഗ്ടണ്‍: അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ചയ്ക്ക് ശേഷം റഷ്യ- യുക്രെയന്‍ ഭരണാധികാരികള്‍ തമ്മിലുള്ള ചര്‍ച്ചയെ കുറിച്ച് ട്രംപിന് ഉറപ്പ് നഷ്ടമായി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും 'എണ്ണയും വിനാഗിരിയും പോലെ'യാണ് എന്നാണ് ട്രംപ് പറഞ്ഞത്.
പുട്ടിനും സെലെന്‍സ്‌കിയും പല കാരണങ്ങളാല്‍ അത്ര നന്നായി യോജിക്കുന്നില്ലെന്നും എങ്കിലും കാത്തിരുന്നു കാണാമെനനാണ് ട്രംപ് കൂട്ടിച്ചേര്‍ത്തത്. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടത്താന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലത്തിലെത്തിയിട്ടില്ല.
പുട്ടിനും സെലെന്‍സ്‌കിയും തമ്മില്‍ നിലവില്‍ 'ഒരു കൂടിക്കാഴ്ചയും ആസൂത്രണം ചെയ്തിട്ടില്ല' എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന അലാസ്‌ക ഉച്ചകോടിയില്‍ ട്രംപ് ഉന്നയിച്ച വിഷയങ്ങളില്‍ മോസ്‌കോ 'വഴക്കം' കാണിച്ചുവെന്ന് ലാവ്റോവ് പറഞ്ഞു, എന്നാല്‍ സെലെന്‍സ്‌കി 'എല്ലാത്തിനും 'ഇല്ല' എന്ന് പറഞ്ഞു' എന്ന് അവകാശപ്പെട്ടു. 'ഒരു ഉച്ചകോടിക്ക് അജണ്ട തയ്യാറാകുമ്പോള്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ പുട്ടിന്‍ തയ്യാറാണ്, ഈ അജണ്ട ഒട്ടും തയ്യാറല്ല,' യുക്രെയ്ന്‍ പുരോഗതി തടയുന്നുവെന്ന് ആരോപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആഴ്ചയുടെ തുടക്കത്തില്‍ രണ്ട് നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്കുള്ള പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ത്രിരാഷ്ട്ര ഉച്ചകോടിക്കുള്ള സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് പുട്ടിനുമായി 40 മിനിറ്റ് ഫോണിലും സംസാരിച്ചു. അതിനു പിന്നാലെ സമാധാന കൂടിക്കാഴ്ച തയ്യാറാവുകയാണെന്നും അതിനുള്ള സ്ഥലമാണ് തീരുമാനിക്കേണ്ടതെന്നും ട്രംപ് പറയുകയും ചെയ്തിരുന്നു.