വാഷിംഗ്ടണ്‍: ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ മേരിലാന്‍ഡിലെ വീട്ടില്‍ എഫ് ബി ഐ പരിശോധന നടത്തി. രഹസ്യ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്‌തോ എന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോള്‍ട്ടന്റെ വീട്ടിലെ പരിശോധനയ്ക്ക് കാരണമായത്.
പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കാന്‍ ബോള്‍ട്ടന്റെ വക്താവും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും തയ്യാറായില്ല. പ്രസിഡന്റ് ട്രംപിന്റെ ഒന്നാംഘട്ടത്തിലെ 18 മാസം ഇറാനും ഉത്തരകൊറിയയ്ക്കുമെതിരായ നയങ്ങളെച്ചൊല്ലി അദ്ദേഹം ബോള്‍ട്ടന്‍ പ്രസിഡന്റുമായി ഏറ്റുമുട്ടിയിരുന്നു. രണ്ടാം ഘട്ടത്തില്‍ ട്രംപിന്റെ കടുത്ത വിമര്‍ശകനാണ് ബോള്‍ട്ടന്‍.
ആരും നിയമത്തിന് അതീതരല്ല എന്നാണ് ഡയറക്ടര്‍ കാഷ് പട്ടേല്‍ എക്സില്‍ പറഞ്ഞത്. നീതിന്യായ വകുപ്പിന്റെ വക്താവ് അഭിപ്രായം പറയാന്‍ തയ്യാറായില്ലെങ്കിലും 'അമേരിക്കയുടെ സുരക്ഷ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല' എന്ന് പറഞ്ഞ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ ഒരു പോസ്റ്റിലേക്ക് അദ്ദേഹം കൈചൂണ്ടി.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് നീതിന്യായ വകുപ്പ് ബോള്‍ട്ടനെതിരെ കേസ് ഫയല്‍ ചെയ്യുകയും തന്റെ ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം നിയമവിരുദ്ധമായി രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2021-ല്‍ ബൈഡന്‍ ഉദ്യോഗസ്ഥര്‍ കേസും ഗ്രാന്‍ഡ് ജൂറി അന്വേഷണവും ഉപേക്ഷിച്ചപ്പോള്‍ ട്രംപ് തന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നീതിന്യായ വകുപ്പിനെ അനുചിതമായി ഉപയോഗിച്ചുവെന്നാണ് ബോള്‍ട്ടണ്‍ കുറ്റപ്പെടുത്തിയത്.
വീട്ടില്‍ പരിശോധന നടത്തുന്നതിനെ കുറിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്നും അതിനെക്കുറിച്ചുള്ള വിശദീകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ടാം ഭരണകാലത്ത് ട്രംപ് ഉദ്യോഗസ്ഥര്‍ തീക്ഷ്ണതയോടെയാണ് ശത്രുക്കളെ പിന്തുടരുന്നത്. ട്രംപിന്റെ കുടത്ത വിമര്‍ശകര്‍ക്കെതിരെയും ഡെമോക്രാറ്റുകള്‍ക്കെതിരെയും അന്വേഷണം നടത്തുകയും പ്രസിഡന്റിന്റെയും സഖ്യകക്ഷികളുടെയും ഫെഡറല്‍ അന്വേഷണങ്ങളില്‍ ഉള്‍പ്പെട്ട ഏജന്റുമാരെയും പ്രോസിക്യൂട്ടര്‍മാരെയും പുറത്താക്കുകയും ചെയ്യുന്നുണ്ട്.
ഈ വര്‍ഷം വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ട്രംപ് ബോള്‍ട്ടണ്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികള്‍ പിന്‍വലിച്ചിരുന്നു.
ദേശീയ സുരക്ഷാ പ്രശ്നങ്ങളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ നടപടികള്‍ ഈ ആഴ്ച ശക്തമായി. നിലവിലുള്ളതും മുന്‍കാലവുമായ 37 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികള്‍ റദ്ദാക്കുന്നതിനുള്ള ന്യായീകരണങ്ങളായി 'രഹസ്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു' എന്നും 'ഇന്റലിജന്‍സിന്റെ രാഷ്ട്രീയവല്‍ക്കരണമോ ആയുധവല്‍ക്കരണമോ' എന്നും ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് ചൂണ്ടിക്കാട്ടി.
37 പേരില്‍ ഭൂരിഭാഗവും 2016ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കാന്‍ റഷ്യ നടത്തിയ ശ്രമവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിലയിരുത്തലുകളില്‍ പങ്കെടുത്തവരോ ട്രംപിന്റെ ഇംപീച്ച്മെന്റിനായി ആവശ്യപ്പെടുന്ന കത്തില്‍ ഒപ്പിട്ടവരോ ആയിരുന്നു.
ബോള്‍ട്ടന്റെ ബെസ്റ്റ് സെല്ലറായ 'ദി റൂം വേര്‍ ഇറ്റ് ഹാപ്പെന്‍ഡ്: എ വൈറ്റ് ഹൗസ് മെമ്മോയര്‍' ട്രംപിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ദേശീയ താത്പര്യത്തേക്കാള്‍ തന്റെ രണ്ടാം തെരഞ്ഞെടുക്കപ്പെടലിനും കുടുംബത്തിന്റെ ക്ഷേമത്തിനും അദ്ദേഹം എപ്പോഴും മുന്‍ഗണന നല്‍കിയിരുന്നുവെന്ന് പറഞ്ഞു.
2020 ജൂണില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നീതിന്യായ വകുപ്പ് ബോള്‍ട്ടനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കൈയെഴുത്തുപ്രതി രഹസ്യ വിവരങ്ങളില്‍ നിന്ന് മുക്തമാണെന്ന് സര്‍ക്കാര്‍ അവലോകന വിദഗ്ദ്ധന്‍ വിധിച്ചെങ്കിലും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതില്‍ രഹസ്യ ഭാഗങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. മാസങ്ങള്‍ക്ക് ശേഷം, ബോള്‍ട്ടണ്‍ വിവരങ്ങള്‍ കൈകാര്യം ചെയ്തതിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സാഹിത്യ ഏജന്റിനും ഗ്രാന്‍ഡ് ജൂറി സമന്‍സ് പുറപ്പെടുവിക്കുകയും ചെയ്തു.
തന്റെ രണ്ടാം ഘട്ടത്തില്‍ ബോള്‍ട്ടന്റെ അഭിപ്രായങ്ങളെക്കുറിച്ച് ട്രംപ് പരാതിപ്പെട്ടിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായുള്ള കഴിഞ്ഞ ആഴ്ചയിലെ ഉച്ചകോടിയുടെ മാധ്യമ കവറേജിനെ അദ്ദേഹം വിമര്‍ശിച്ചു, ജോലിയില്‍ നിന്ന് പിരിച്ചുവിട്ട പരാജിതരെയും ജോണ്‍ ബോള്‍ട്ടണെപ്പോലെയുള്ള വിഡ്ഢികളെയും മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ഉദ്ധരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയും ബോള്‍ട്ടണ്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ കുറിച്ചുള്ള ട്രംപിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നത് തുടര്‍ന്നിരുന്നു. ട്രംപ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ആഗ്രഹിക്കുന്നതിനാല്‍ മീറ്റിംഗുകള്‍ തുടരുമെന്നും എന്നാല്‍ ചര്‍ച്ചകള്‍ പുരോഗതിയൊന്നും കാണിക്കുന്നില്ലെന്നാണ് അദ്ദേഹം എക്സില്‍ എഴുതിയത്.