ഫ്ളോറിഡ: വാണിജ്യ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് തൊഴിലാളി വിസ നല്‍കുന്നത് യു എസ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചു. അമേരിക്കന്‍ റോഡുകളിലെ വിദേശ ഡ്രൈവര്‍മാര്‍ 'അമേരിക്കക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു. വെസ്റ്റ് പാം ബീച്ചിന് ഏകദേശം 50 മൈല്‍ വടക്ക് ഫ്ളോറിഡയിലെ ടേണ്‍പൈക്കില്‍ ഹര്‍ജിന്ദര്‍ സിംഗ് എന്ന ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ അനധികൃത വളവ് എടുത്ത് മൂന്ന് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. സിംഗിനെ അറസ്റ്റ് ചെയ്യുകയും വാഹന കൊലപാതകത്തിനും കുടിയേറ്റ ലംഘനത്തിനും മൂന്ന് കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. സിംഗ് യു എസില്‍ ് 'നിയമവിരുദ്ധമായി' താമസിക്കുന്നുണ്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആരോപിച്ചു.
ഫ്ളോറിഡ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജെയ് കോളിന്‍സും ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും ചേര്‍ന്ന് കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതായി എക്‌സിലെ പോസ്റ്റില്‍ ഫ്ളോറിഡ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജെയ് കോളിന്‍സും പറഞ്ഞു. ഫ്ളോറിഡയിലെ ടേണ്‍പൈക്കില്‍ ഉണ്ടായ അപകടത്തിന് ശേഷം സിംഗിന് കാലിഫോര്‍ണിയയിലേക്ക് പോകാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് കോളിന്‍സ് വിശദീകരിച്ചില്ല. ശനിയാഴ്ച സ്റ്റോക്ക്ടണില്‍ വെച്ചാണ് യു എസ് മാര്‍ഷലുകള്‍ അറസ്റ്റ് ചെയ്തത്.
ഹര്‍ജിന്ദര്‍ സിംഗ് 2018 ല്‍ മെക്സിക്കോയില്‍ നിന്ന് നിയമവിരുദ്ധമായി യു എസില്‍ പ്രവേശിച്ചതായി ഫ്ളോറിഡ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു, കാലിഫോര്‍ണിയയിലും വാഷിംഗ്ടണിലും കൊമേഴ്‌സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിച്ചതായി ഹോംലാന്‍ഡ് സെക്യൂരിറ്റി പിന്നീട് വെളിപ്പെടുത്തി. കാലിഫോര്‍ണിയയും ഡി സിയും ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ അത്തരം ലൈസന്‍സുകള്‍ നല്‍കിയിരുന്നുവെന്ന് നാഷണല്‍ ഇമിഗ്രേഷന്‍ ലോ സെന്റര്‍ സൂചിപ്പിച്ചു.
അപകടത്തിന് ശേഷം സിംഗ് ഇംഗ്ലീഷ്, ഹൈവേ സൈന്‍ റെക്കഗ്നിഷന്‍ ടെസ്റ്റുകളില്‍ പരാജയപ്പെട്ടതായി ആരോപിക്കപ്പെടുന്നു. യു എസ് ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച്, ഇംഗ്ലീഷ് ടെസ്റ്റിലെ 12 ചോദ്യങ്ങളില്‍ 2 എണ്ണത്തിന് മാത്രമേ അദ്ദേഹം ശരിയായി ഉത്തരം നല്‍കിയുള്ളൂ. നാല് റോഡ് സൈന്‍ അടയാളങ്ങളില്‍ ഒന്ന് മാത്രമേ അദ്ദേഹം തിരിച്ചറിഞ്ഞുള്ളൂ. ഈ മോശം ഫലങ്ങളും യു എസിലേക്കുള്ള നിയമവിരുദ്ധ പ്രവേശനവും ഉണ്ടായിരുന്നിട്ടും കുറഞ്ഞത് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും സിഡിഎല്‍ നേടാന്‍ സിങ്ങിന് കഴിഞ്ഞു. ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി സംഭവത്തെ അപലപിച്ചു.