സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ മണ്ഡലത്തിനു പുറത്തുള്ളവരെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തെന്ന് ബി ഗോപാലകൃഷ്ണന്‍

സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ മണ്ഡലത്തിനു പുറത്തുള്ളവരെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തെന്ന് ബി ഗോപാലകൃഷ്ണന്‍


തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന നേതാവ് ബി ഗോപാലകൃഷ്ണന്‍. പാര്‍ട്ടി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ഇങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന ചോദ്യവും ബി ജെ സംസ്ഥാന നേതാവ് ഉന്നയിച്ചു. 

തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെയാകെ സംശയത്തിന്റെ നിഴലിലാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെയാണ് സുരേഷ് ഗോപിക്കു വേണ്ടി തൃശൂരില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ആരോപണം വീണ്ടും ചര്‍ച്ചയായത്.

സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ പേര് രണ്ടു മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലുള്ളതായും വെളിപ്പെടുത്തലുണ്ടായിരുന്നു.

ആരോപണമുയര്‍ന്ന് ആദ്യ ദിവസങ്ങളിലൊന്നും പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി പിന്നീട് ആരോപണം ഉന്നയിച്ചവരെ വാനരന്മാര്‍ എന്നാണ് വിളിച്ച് ആക്ഷേപിച്ചത്. 

പാര്‍ട്ടി സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണന്‍ അനധികൃതമായി വോട്ട് ചേര്‍ക്കുന്നത് തെറ്റല്ല എന്ന അവകാശവാദവുമായി രംഗത്തെത്തി ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.