ഡിസിയിലെ കുറ്റകൃത്യങ്ങള്‍ കുറയുന്നതിനെ 'അത്ഭുതം' എന്ന് വിശേഷിപ്പിച്ച് ട്രംപ്; അടുത്ത ലക്ഷ്യം ഷിക്കാഗോയും ന്യൂയോര്‍ക്കും

ഡിസിയിലെ കുറ്റകൃത്യങ്ങള്‍ കുറയുന്നതിനെ 'അത്ഭുതം' എന്ന് വിശേഷിപ്പിച്ച് ട്രംപ്; അടുത്ത ലക്ഷ്യം ഷിക്കാഗോയും ന്യൂയോര്‍ക്കും


വാഷിംഗ്ടണ്‍ ഡിസി: രാജ്യ തലസ്ഥാനത്ത് നിന്ന് അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ദേശീയ സേനയെ വിന്യസിച്ച തന്റെ നടപടി ഫലം കണ്ടുതുടങ്ങിയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുറ്റകൃത്യങ്ങള്‍ അദ്ഭുതകരമായി കുറഞ്ഞുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഈ നടപടി കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കാനാണ് നീക്കമെന്നും അടുത്തത് ഷിക്കാഗോ ആയിരിക്കുമെന്നും വെള്ളിയാഴ്ച ഓവല്‍ ഓഫിസില്‍ ട്രംപ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്കായിരിക്കും നാഷനല്‍ ഗാര്‍ഡ് എത്തുക എന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
വാഷിംഗ്ടണ്‍ ഡിസിയില്‍ അടുത്തിടെ ഫെഡറല്‍ സേനയെ വിന്യസിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട ട്രംപ് തന്റെ നടപടിയിലൂടെ  കുറ്റകൃത്യങ്ങള്‍ കുറച്ചിട്ടുണ്ടെന്ന് വാദിച്ചു. തലസ്ഥാനത്ത് കൊലപാതകങ്ങളില്ലാത്ത ഒരു ആഴ്ചയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ഇത് ഒരു 'അത്ഭുതമാണ്'. മിക്ക ഡിസി നിവാസികളും സൈനിക സാന്നിധ്യത്തെ അംഗീകരിക്കുന്നില്ലെന്ന് കാണിക്കുന്ന വോട്ടെടുപ്പും പ്രസിഡന്റ് തള്ളിക്കളഞ്ഞു, സര്‍വേകളെ 'വ്യാജ വാര്‍ത്ത' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതേ നടപടികള്‍ ഷിക്കാഗോ ഉള്‍പ്പെടെ മറ്റു നഗരങ്ങളിലും നടപ്പാക്കണമെന്നാണ് അവിടെയുള്ള ആളുകളുടെ ആവശ്യമെന്നും ട്രംപ് പറഞ്ഞു.

ഷിക്കാഗോയില്‍ നടപടി എങ്ങനെയായിരിക്കും?

ഷിക്കാഗോയില്‍ ഫെഡറല്‍ ഇടപെടല്‍ എങ്ങനെയായിരിക്കുമെന്നോ വാഷിംഗ്ടണില്‍ ഉണ്ടായ ഫലങ്ങള്‍ ആവര്‍ത്തിക്കുമെന്നോ വ്യക്തമല്ല. ഒരു സംസ്ഥാനത്തിന്റെയും ഭാഗമല്ലാത്തതിനാല്‍ യുഎസ് തലസ്ഥാനം പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരുന്ന പ്രദേശമാണ്. അതായത് പ്രസിഡന്റിന് അതിന്റെ പോലീസ് സേനയെ ഏറ്റെടുക്കാന്‍ അസാധാരണമായ അധികാരമുണ്ട്. നേരെമറിച്ച്, ഷിക്കാഗോ നഗരം ഇല്ലിനോയിസ് സംസ്ഥാന നിയമത്തിന് കീഴിലാണ്.അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള ഫെഡറല്‍ നീക്കം കൂടുതല്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കും.


ഡിസിയിലെ നാഷണല്‍ ഗാര്‍ഡിന് ആയുധങ്ങള്‍ വഹിക്കാന്‍ അനുമതി
അതേസമയം, വാഷിംഗ്ടണ്‍ ഡിസിയില്‍ വിന്യസിച്ചിരിക്കുന്ന നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ 'ഉടന്‍ തന്നെ അവരുടെ സേന നല്‍കുന്ന ആയുധങ്ങളുമായി ദൗത്യത്തിലുണ്ടാകും' എന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. ഡിസി ഗാര്‍ഡിന്റെ ആക്ടിംഗ് കമാന്‍ഡറായ ബ്രിഗേഡിയര്‍ ജനറല്‍ ലെലാന്‍ഡ് ഡി. ബ്ലാഞ്ചാര്‍ഡ് II ന് സൈനികരുടെ സ്ഥാനം ക്രമീകരിക്കാനും പ്രാദേശിക പോലീസുമായി നേരിട്ട് ഏകോപിപ്പിക്കാനുമുള്ള അധികാരം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഔപചാരികമായി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.

'കൊളംബിയ ഡിസ്ട്രിക്റ്റിനെ സംരക്ഷിക്കുന്നതിനും ജില്ലയില്‍ താമസിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും സന്ദര്‍ശിക്കുന്നവരെയും സേവിക്കുന്നതിനും ഡിസി നാഷണല്‍ ഗാര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് പെന്റഗണ്‍ പറഞ്ഞു. ഇതുവരെ, ഗാര്‍ഡ് അംഗങ്ങള്‍ തോക്കുകള്‍ ഇല്ലാതെയാണ് തെരുവുകളില്‍ പട്രോളിംഗ് നടത്തിയിരുന്നത്. എന്നിരുന്നാലും അവര്‍ക്ക് ജാക്കറ്റുകള്‍ ഉണ്ടായിരുന്നു. പരിശീലന, ദൗത്യ നിയമങ്ങള്‍ക്കനുസൃതമായി സേനാംഗങ്ങള്‍ ആയുധങ്ങള്‍ കൊണ്ടുപോകുന്നതിന് പുതിയ ഉത്തരവ് നിയമപരമായ പരിരക്ഷ നല്‍കുന്നു.