ഗാസയിലെ ഹമാസിന്റെ കൊലയാളികളുടെയും പീഡകരുടെയും തലയില്‍ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും-ഇസ്രയേല്‍ പ്രതിരോധ മന്ത്രി

ഗാസയിലെ ഹമാസിന്റെ കൊലയാളികളുടെയും പീഡകരുടെയും തലയില്‍ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും-ഇസ്രയേല്‍ പ്രതിരോധ മന്ത്രി


ടെല്‍ അവീവ്: ഗാസ നഗരത്തില്‍ ശക്തമായ ആക്രമണം നടത്തുമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേല്‍. ഹമാസ് ഇസ്രായേലിന്റെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗാസ നഗരം റഫായും ബെയ്ത് ഹാനൂനും പോലെയാകുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ഗാസ നഗരം പിടിച്ചെടുക്കാന്‍ സൈന്യത്തിന് അനുമതി നല്‍കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

'ഗാസയില്‍ ഹമാസിനെ പരാജയപ്പെടുത്താനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രായേലിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നത് വരെ, ഗാസയിലെ ഹമാസിന്റെ കൊലയാളികളുടെയും പീഡകരുടെയും തലയില്‍ നരകത്തിന്റെ കവാടങ്ങള്‍ തുറക്കും. എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസിനെ നിരായുധരാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. അവര്‍ സമ്മതിക്കുന്നില്ലെങ്കില്‍ ഹമാസിന്റെ തലസ്ഥാനമായ ഗാസ, റാഫയും ബെയ്ത് ഹാനൂനും പോലെയാകും' ഇസ്രായേല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചു.

വടക്കന്‍ ഗാസയില്‍ സൈനിക നീക്കം കടുപ്പിക്കാന്‍ നീക്കം നടത്തുന്നതിനിടെ, ഇസ്രായേല്‍ സൈന്യം ആരോഗ്യപ്രവര്‍ത്തകരോടും അന്താരാഷ്ട്ര സംഘങ്ങളോടും തെക്കോട്ട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 60,000 റിസര്‍വ് സൈനികരെ വിളിക്കാനും 20,000 പേരുടെ സേവനം നീട്ടാനും പദ്ധതിയിട്ടിട്ടുണ്ട്. ഗാസ നഗരത്തിലെ സൈറ്റൂണ്‍ പരിസരത്തും ജബലിയ അഭയാര്‍ഥി ക്യാമ്പിലും ഇസ്രായേല്‍ സൈന്യം എത്തി ഓപ്പറേഷനുകള്‍ ആരംഭിച്ചു.

അതേസമയം ബന്ദികളെ മോചിപ്പിക്കുകയും നിരായുധരാകുകയും ചെയ്താല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാമെന്ന് വ്യക്തമാക്കി ഇസ്രായേല്‍ മുന്നോട്ടുവന്നെങ്കിലും പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ആയുധം താഴെയിടില്ലെന്ന് ഹമാസ് അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗാസയിലൂടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 36 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ മാനുഷിക സഹായം തേടിയിരുന്നവരായിരുന്നു. സഹായകേന്ദ്രങ്ങളിലേക്ക് പോയ ആളുകള്‍ക്ക് നേരെ ഇസ്രായേല്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തുവെന്ന് ദൃക്‌സാക്ഷികളും ആരോഗ്യപ്രവര്‍ത്തകരും പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നും മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.