പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ ബസ് മീഡിയനില്‍ തട്ടി കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ ബസ് മീഡിയനില്‍ തട്ടി കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു


ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് മരണമെന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പോലീസ് . 21 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ത്യ, ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

അപകടം ഉണ്ടാകുമ്പോള്‍ ബസില്‍ ഡ്രൈവറും മറ്റൊരു ജീവനക്കാരനും ഉള്‍പ്പെടെ 52 യാത്രക്കാരുണ്ടുണ്ടായിരുന്നത്. എല്ലാവരും ഒരു വയസ്സിനും 74 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്ക് സംഭവിച്ചവരെയും കൈകാലുകള്‍ക്ക് ഒടിവുകള്‍ പറ്റിയവരെയും മറ്റ് പരിക്കുകള്‍ സംഭവിച്ചവരെയും എറി കൗണ്ടി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മരിച്ചവരില്‍ ഒരു കുട്ടിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും പോലീസ് നിഷേധിച്ചു. സ്റ്റാറ്റന്‍ ഐലന്‍ഡിലെ എം & വൈ ടൂര്‍ ഇന്‍കോര്‍പ്പറേറ്റഡില്‍ രജിസ്റ്റര്‍ ചെയ്ത ബസാണ് അപകടത്തില്‍പ്പെട്ടത്.

ബഫല്ലോ നഗരത്തിന് 30 മൈല്‍ (48 കിലോമീറ്റര്‍) കിഴക്ക് പെംബ്രോക്ക് പട്ടണത്തിനടുത്താണ് അപകടമുണ്ടായത്. യുഎസ്  കാനഡ അതിര്‍ത്തിയിലെ നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്കും പിന്നീട് ഒരു കുഴിയിലേക്കും മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തിന് പിന്നാലെ യാത്രക്കാരില്‍ പലരും ബസിന് പുറത്തേക്ക് തെറിച്ചുവീണതായി പോലീസ് പറഞ്ഞു. മിക്കവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. നിരവധി പേര്‍ മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പ്രദേശവാസികളും പോലീസും ചേര്‍ന്നാണ് എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചത്. പോലീസ്, പ്രാദേശിക ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ്, മെഡിക്കല്‍ ഹെലികോപ്റ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര ഉദ്യോഗസ്ഥര്‍ സഹായത്തിനായി സ്ഥലത്തുണ്ടായിരുന്നു. നിരവധി കുട്ടികള്‍ ബസിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പോലീസ് ട്രൂപ്പ് കമാന്‍ഡര്‍ ആന്‍ഡ്രെ റേ മേജര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബസ് അധികൃതര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. നിലവില്‍ ആര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. െ്രെഡവറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പോലീസിന്റെ വക്താവ് ട്രൂപ്പര്‍ ജെയിംസ് ഒകല്ലഗന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് അപകടം ഉണ്ടായതെന്നും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.