സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ പുതിയ അമേരിക്കന്‍ അംബാസഡര്‍ ആയി പ്രഖ്യാപിച്ച് ട്രംപ്

സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ പുതിയ അമേരിക്കന്‍ അംബാസഡര്‍ ആയി പ്രഖ്യാപിച്ച് ട്രംപ്


വാഷിംഗ്ടണ്‍: സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ പുതിയ അമേരിക്കന്‍ അംബാസഡര്‍ ആയി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധിക നികുതി ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യഅമേരിക്ക ബന്ധം വഷളായതിന് പിന്നാലെയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിച്ചിരിക്കുന്നത്. ദക്ഷിണമധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും സെര്‍ജിയോ ഗോറിന് നല്‍കിയിട്ടുണ്ട്. വൈറ്റ് ഹൗസില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായാണ് സെര്‍ജിയോ ഗോര്‍ അറിയപ്പെടുന്നത്.

വൈറ്റ് ഹൗസിലെ പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസിലെ ഡയറക്ടറാണ് നിലവില്‍ ട്രംപ്. എറിക് ഗാര്‍സെറ്റിയ്ക്ക് പകരക്കാരനായാണ് സെര്‍ജിയോ ഗോര്‍ ഇന്ത്യയിലേയ്ക്ക് എത്തുന്നത്. സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ അടുത്ത അംബാസിഡറായും തെക്ക് മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയായും പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട് എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഗോര്‍ വളരെക്കാലമായി തന്റെ ഒപ്പം നിന്ന വലിയ സുഹൃത്താണെന്നും ട്രംപ് കുറിച്ചിരുന്നു.

ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റിലാണ് സെര്‍ജിയോ ഗോര്‍ ജനിച്ചത്. പിന്നീട് അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇക്കാലയളവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും സെര്‍ജിയോ ഗോര്‍ സജീവമായി. 2008ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോണ്‍ മക്കെയ്‌ന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കാളിയായിരുന്നു. 2013ല്‍ കെന്റക്കി സെനറ്റര്‍ റാന്‍ഡ് പോളിന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി സെര്‍ജിയോ ഗോര്‍ നിയോഗിതനായി.