യു പി എസ് സി കോച്ചിംഗ് സെന്ററുകളില്‍ കടുത്ത പരിശോധന

യു പി എസ് സി കോച്ചിംഗ് സെന്ററുകളില്‍ കടുത്ത പരിശോധന


ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ യു പി എസ്സി കോച്ചിംഗ് സെന്ററുകളുടെ കേന്ദ്രമായ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കടുത്ത പരിശോധന ആരംഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഓള്‍ഡ് രജീന്ദര്‍ നഗറിലെ ഐ എ എസ് സ്റ്റഡി സര്‍ക്കിളിലെ ബേസ്മെന്റിലെ ലൈബ്രറിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മൂന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ മരിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് പരിശോന കടുപ്പിച്ചത്. 

പ്രദേശത്തെ ബേസ്മെന്റുകള്‍ അനധികൃതമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബേസ്മെന്റുകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധനയും നടപടികളുമുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശനിയാഴ്ച നടന്ന സംഭവത്തെ തുടര്‍ന്ന് മിക്ക സെന്ററുകളിലെയും ലൈബ്രറികള്‍ അടച്ചിട്ടിരിക്കുകയാണെന്ന് മുഖര്‍ജി നഗറിലെ ഒരു കോച്ചിംഗ് സെന്ററില്‍ പഠിക്കുന്ന യു പി എസ് സി ഉദ്യോഗാര്‍ഥി പറഞ്ഞു.

തനിക്ക് ഒന്നര മാസത്തിനുള്ളില്‍ യു പി എസ് സി മെയിന്‍സിന് ഹാജരാകണമെന്നും തന്റെ സെന്ററിലെ ലൈബ്രറിയിലാണ് പുസ്തകങ്ങളും തയ്യാറെടുപ്പ് സാമഗ്രികളും ഉള്ളതെന്നതിനാല്‍ ലൈബ്രറി അടച്ചിട്ടത് പ്രയാസത്തിലാക്കിയിരിക്കുകയാണെന്നാണ് വിദ്യാര്‍ഥി പറയുന്നത്. മാത്രമല്ല തന്റെ പുസ്തകങ്ങള്‍ തിരിച്ചെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു. 

തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ലൈബ്രറിയിലുള്ള പുസ്തകങ്ങള്‍ കൊണ്ടുപോകണമെന്ന് ഞായറാഴ്ച സന്ദേശം ലഭിച്ചുവെന്നും എന്നാല്‍ ആ സമയത്ത് താന്‍ ഉറങ്ങുകയായിരുന്നതിനാല്‍ വിവരം അറിഞ്ഞില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു. 

സംഭവത്തിന് ശേഷം ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയും മറ്റൊരാളെ സസ്പെന്‍ഡ് ചെയ്യുകയും ഓള്‍ഡ് രജീന്ദര്‍ നഗര്‍ പ്രെേദത്ത് വെള്ളക്കെട്ടുണ്ടാക്കുന്ന അഴുക്കുചാലുകള്‍ മൂടുന്ന അനധികൃത ഘടനകള്‍ നീക്കം ചെയ്യുന്നതിന് കൈയേറ്റ വിരുദ്ധ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തു.

ഞായറാഴ്ച പ്രദേശത്തെ 13 അനധികൃത കോച്ചിംഗ് സെന്ററുകള്‍ പൗരസമിതി സീല്‍ ചെയ്തിരുന്നു.

ശനിയാഴ്ച മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച ഐ എ എസ് സ്റ്റഡി സര്‍ക്കിള്‍ ഇതിനകം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്.