ഇറ്റലിയിൽ ഗുരുദ്വാരയ്ക്കു പുറത്ത് വെടിവെപ്പ്; വൈശാഖി ആഘോഷത്തിനിടെ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു

ഇറ്റലിയിൽ ഗുരുദ്വാരയ്ക്കു പുറത്ത് വെടിവെപ്പ്; വൈശാഖി ആഘോഷത്തിനിടെ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു


കോവോ :  ഇറ്റലിയിലെ കോവോ പട്ടണത്തിൽ ഗുരുദ്വാരയ്ക്കു മുന്നിൽ നടന്ന വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. വൈശാഖി ആഘോഷവുമായി ബന്ധപ്പെട്ട സംഗമം കഴിഞ്ഞ് പുറത്തേക്ക് പോകുന്നതിനിടെ ഉണ്ടായ ആക്രമണമാണ് പ്രദേശത്തെ ഇന്ത്യൻ-സിഖ് സമൂഹത്തെ നടുക്കിയത്.

കോവോയിലെ ഗുരുദ്വാര മാതാസാഹിബ് കൗർ ജിയുടെ മുന്നിലെ ചത്വരത്തിൽ വെള്ളിയാഴ്ച രാത്രി അർധരാത്രിയോടെ ആയുധധാരി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ രഗീന്ദർ സിംഗ് (48), ഗുര്മിത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾ കോവോ സ്വദേശിയും മറ്റൊരാൾ സമീപ പ്രദേശമായ അഗ്‌നഡെല്ലോ സ്വദേശിയുമാണ്.

പ്രതി ഇരുവർക്കും നേരെ വെടിവെച്ച ശേഷം കാറിൽ കയറി രക്ഷപ്പെട്ടുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്ഥലത്ത് നിന്ന് ഏകദേശം പത്ത് വെടിയുണ്ടകളുടെ  അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ആസൂത്രിതമായ ആക്രമണമാകാമെന്നാണു അന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ.

സാക്ഷികളുടെ മൊഴിപ്രകാരം, പ്രതി ഇന്ത്യൻ വംശജനായിരിക്കാമെന്നും ഗുരുദ്വാരയിൽ പതിവായി എത്താറുള്ളയാളാണെന്നും സൂചനകളുണ്ട്. വെടിവെപ്പിൽ മറ്റൊരാൾക്ക് ചെറിയ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

വൈശാഖി ആഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന ഈ സംഭവം പ്രദേശത്തെ സിഖ് സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ ഇറ്റാലിയൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.