വിസ അപേക്ഷകര്‍ പാസ്‌പോര്‍ട്ടും രേഖകളും നേരിട്ട് കൈപ്പറ്റണമെന്ന് യുഎസ് എംബസി; പ്രതിനിധികളെ അനുവദിക്കില്ല

വിസ അപേക്ഷകര്‍ പാസ്‌പോര്‍ട്ടും രേഖകളും നേരിട്ട് കൈപ്പറ്റണമെന്ന് യുഎസ് എംബസി;  പ്രതിനിധികളെ അനുവദിക്കില്ല


കുട്ടികള്‍ക്കുള്ള വിസ നിയമങ്ങളും കടുപ്പിച്ചു

വാഷിംഗ്ടണ്‍: യുഎസ് വിസ അപേക്ഷകര്‍ ഇനിമുതല്‍ അവരുടെ പാസ്‌പോര്‍ട്ടുകളും മറ്റ് രേഖകളും യുഎസ് എംബസിയില്‍ നിന്നോ കോണ്‍സുലേറ്റുകളില്‍ നിന്നോ നേരിട്ട് കൈപ്പറ്റണമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. രേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷയും ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതല്‍ ഈ മാറ്റം പ്രാബല്യത്തിലായെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

മുമ്പ് അപേക്ഷകര്‍ക്ക് വേണ്ടി പ്രതിനിധികള്‍ക്ക് പാസ്‌പോര്‍ട്ടും രേഖകളും കൈപ്പറ്റാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ പുതിയ നിയമമനുസരിച്ച് ഇനി അതിന് സാധിക്കില്ല.

ഇന്ത്യയിലെ യുഎസ് എംബസിയില്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കാര്യത്തില്‍, മാതാപിതാക്കളോ അല്ലെങ്കില്‍ നിയമപരമായ രക്ഷിതാവോ നേരിട്ട് ഹാജരാകണം. ഇരു മാതാപിതാക്കളും ഒപ്പിട്ട യഥാര്‍ത്ഥ സമ്മതപത്രം (ഒറിജിനല്‍ കണ്‍സെന്റ് ലെറ്റര്‍) ഇവര്‍ ഹാജരാക്കണം.

സമ്മതപത്രത്തിന്റെ സ്‌കാന്‍ ചെയ്തതോ ഇമെയില്‍ വഴിയോ ഉള്ള പകര്‍പ്പുകള്‍ ഇനി സ്വീകരിക്കുന്നതല്ല. രക്ഷിതാക്കളുടെ സമ്മതം കര്‍ശനമായി ഉറപ്പുവരുത്തുന്നതിനായാണ് ഈ മാറ്റം.

അതേസമയം, അപേക്ഷകര്‍ക്ക് വേണമെങ്കില്‍ പാസ്‌പോര്‍ട്ട് വീട്ടിലെത്തിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഒരാള്‍ക്ക് 1,200 രൂപയാണ് ഇതിന് ചെലവ് വരുന്നത്.

'അപേക്ഷകര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, 1,200 രൂപ ഫീസ് നല്‍കി അവരുടെ പാസ്‌പോര്‍ട്ടുകള്‍ വീട്ടിലോ ഓഫീസിലോ എത്തിക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുക്കാവുന്നതാണ്,' യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ അപ്പോയിന്റ്‌മെന്റ് സര്‍വീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

വിസ കാലാവധി കഴിഞ്ഞും യുഎസില്‍ താമസിക്കുന്നത് നാടുകടത്തലിനും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കും നേരിടേണ്ടിവരുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി.

'നിങ്ങള്‍ അംഗീകൃത താമസ കാലയളവ് കഴിഞ്ഞും യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ തുടരുകയാണെങ്കില്‍, നിങ്ങളെ നാടുകടത്താനും ഭാവിയില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലേക്ക് യാത്ര ചെയ്യുന്നതിന് സ്ഥിരമായ വിലക്ക് നേരിടാനും സാധ്യതയുണ്ട്.'-മെയ് മാസത്തില്‍, എംബസി എക്‌സില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറഞ്ഞു.

ഒരു സന്ദര്‍ശകന് യുഎസില്‍ തുടരാന്‍ അനുവാദമുള്ള സമയദൈര്‍ഘ്യം സാധാരണയായി പ്രവേശന സമയത്ത് നല്‍കുന്ന I-94 ഫോമില്‍ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത താമസ കാലയളവിനെക്കുറിച്ച് വിവരിക്കുന്നതാണ് ഈ രേഖ.

കുറഞ്ഞ സമയത്തേക്ക് പോലും അധിക സമയം താമസിക്കുന്നത് ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെത്തി പഠിക്കാനോ ജോലി ചെയ്യാനോ കുടുംബവുമായി വീണ്ടും ഒന്നിക്കാനോ ഉള്ള ഭാവി അവസരങ്ങളെ ഇത് അപകടത്തിലാക്കുമെന്നും യുഎസ് എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.