വാഷിംഗ്ടണ്‍ ഡി.സി: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ വികസന പരിപാടികള്‍ക്ക് പിന്തുണയും സഹായവും നല്‍കിയെന്നാരോപിച്ച് ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലെ 32 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സ്ഥാപനം ചണ്ഡീഗഢ് ആസ്ഥാനമായ ഫാംലെയിന് പ്രൈവറ്റ് ലിമിറ്റഡ് (Farmlane Pvt Ltd) ആണ്.
യുഎസ് ട്രഷറി ഡിപ്പാര്‍ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനപ്രകാരം, ഫാംലെയ്നിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ യുഎഇയില്‍ ആസ്ഥാനമുള്ള മാര്‍ക്കോ ക്ലിംഗെ (Marco Klinge) ഇറാനുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വില്‍പ്പനയിലും രാസവസ്തുക്കളുടെ വിതരണം ക്രമീകരണം എന്നിവയിലും മുഖ്യപങ്കുവഹിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ക്ലിംഗെ ഇന്ത്യയിലെയും ചൈനയിലെയും വിതരണക്കാരുമായി ബന്ധപ്പെടുകയും, ചൈന ക്ലോറേറ്റ് ടെക് കമ്പനി ലിമിറ്റഡ് (China Chlorate Tech Co Ltd) പോലുള്ള OFAC-(Office of Foreign Assets Cotnrol) നിയന്ത്രിത കമ്പനികളില്‍ നിന്നു ഇറാനിലെ പാര്‍ചിന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് (PCI) എന്ന പ്രതിരോധസംഘടനയ്ക്ക് ആവശ്യമായ മിസൈല്‍ പ്രൊപ്പെല്ലന്റ് ഘടകങ്ങള്‍ ലഭ്യമാക്കുകയും ചെയ്തതായി അമേരിക്ക ആരോപിക്കുന്നു. PCI ഇറാന്റെ പ്രതിരോധ വ്യവസായ സംഘടനയായ DIOയുടെ ഭാഗമാണ്.
ഫാംലെയ്നിനെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ 13382 പ്രകാരം ഉപരോധിച്ചിരിക്കുകയാണെന്ന് യുഎസ് സര്‍ക്കാര്‍ അറിയിച്ചു. ഈ ഓര്‍ഡര്‍ അനുസരിച്ച്, ആയുധവ്യാപനത്തില് ഏര്‍പ്പെട്ടോ അതിനെ പിന്തുണച്ചോ പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തെയും സാമ്പത്തികമായി ഒറ്റപ്പെടുത്താനും അവരുടെ ആസ്തികള്‍ ഫ്രീസ് ചെയ്യാനും അമേരിക്കക്ക് അധികാരമുണ്ട്.
'ഇറാന് ലോകമെമ്പാടും സാമ്പത്തിക വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുകയും, ആണവപരമ്പരാഗത ആയുധ പദ്ധതികള്‍ക്കും ഭീകരസംഘടനകള്‍ക്കും ധനം ലഭ്യമാക്കുകയും ചെയ്യുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുകയാണ്-യുഎസ് ട്രഷറി വകുപ്പിന്റെ ടെററിസം ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് അണ്ടര്‍ സെക്രട്ടറി ജോണ്‍ കെ. ഹര്‍ലി പ്രസ്താവിച്ചു.
കഴിഞ്ഞ ഒക്ടോബറിലും ഇറാനിയന്‍ എണ്ണയും പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളും വ്യാപാരം ചെയ്തതായി ആരോപിച്ച് ഇന്ത്യയിലെ ഒന്‍പത് കമ്പനികളെയും എട്ട് ഇന്ത്യന്‍ പൗരന്മാരെയും അമേരിക്ക ഉപരോധിച്ചിരുന്നു.
