വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു


ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കി ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ചാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹരിയാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ, ഹരിയാന പി സി സി അധ്യക്ഷന്‍ ഉദയ് ഭാന്‍, കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതിനു മുന്നോടിയായി വിനേഷ് ഫോഗട്ട് റെയില്‍വേയിലെ ജോലി രാജിവച്ചു. ബുധനാഴ്ച വിനേഷ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിനേഷിന് റെയില്‍വേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന് വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നോട്ടീസ്. പ്രതിപക്ഷ നേതാവിനെ കാണുന്നത് കുറ്റമാണോ എന്നും വേണുഗോപാല്‍ ചോദിച്ചു.

ഇരുവരും മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യം പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയാണു തീരുമാനിക്കേണ്ടതെന്നും വേണുഗോപാല്‍ പറഞ്ഞു. ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചപ്പോള്‍ കോണ്‍ഗ്രസാണ് പിന്തുണച്ചതെന്നു വിനേഷും പൂനിയയും പറഞ്ഞു. ബി ജെ പി അപ്പോഴും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനൊപ്പമായിരുന്നെന്നും ഇവര്‍ പറഞ്ഞു. താന്‍ പുതിയ ഇന്നിങ്‌സ് തുടങ്ങുകയാണെന്നു വിനേഷ് ഫോഗട്ട് പറഞ്ഞു. 

ടോക്കിയൊ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണു പൂനിയ. പാരിസ് ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായിരുന്നു വിനേഷ്. എന്നാല്‍, ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ അയോഗ്യയാക്കപ്പെട്ടു. 

വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും തനിക്കും ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ക്ഷണമുണ്ടായിരുന്നതായും സാക്ഷി മാലിക് പറഞ്ഞു. താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ബ്രിജ്ഭൂഷണെതിരേ നടത്തിയ പ്രക്ഷോഭത്തിന്റെ മുന്‍ നിരയില്‍ നിന്നവരാണ് പൂനിയയും വിനേഷും സാക്ഷി മാലിക്കും. താന്‍ അവസാനം വരെ ഗുസ്തി താരങ്ങളുടെ സമരത്തോടൊപ്പം നില്‍ക്കുമെന്നും സാക്ഷി മാലിക് പറഞ്ഞു.