മലയാളി വിദ്യാർത്ഥിനിക്ക് ഉന്നത ഗണിതശാസ്ത്ര പുരസ്‌കാരം

മലയാളി വിദ്യാർത്ഥിനിക്ക് ഉന്നത ഗണിതശാസ്ത്ര പുരസ്‌കാരം


മലയാളിയായ ഖ്യാതി കോമളന് അസോസിയേഷൻ ഓഫ് വിമൻ മാത്തമാറ്റീഷ്യൻസ് വർഷം തോറും നൽകുന്ന (എഡബ്ല്യുഎം) നൽകുന്ന ആലീസ് എം. ഷേഫര്‍ പ്രൈസ്.


അണ്ടര്‍ഗ്രാജുവേറ്റ് തലത്തില്‍ ഗണിതശാസ്ത്രത്തിലെ മികവ് തെളിയിച്ച വനിതകള്‍ക്ക് വര്‍ഷം തോറും നല്‍കുന്ന  ആലീസ് ടി. ഷേഫര്‍ പ്രൈസ് 2026 നേടി മലയാളിയായ ഖ്യാതി കോമളൻ. 

ഗണിതശാസ്ത്രത്തിലെ ഏറ്റവും ഉന്നത അവാര്‍ഡുകളില്‍ ഒന്നാണിത്. കാൽടെക് സര്‍വകലാശാലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പ്രവേശനം നേടിയ ചുരുക്കം ഇന്ത്യക്കാരിൽ ഒരാളാണ് ഖ്യാതി. ക്ലോയി മാര്‍പിള്‍, സാസ്‌കിയ സോളോട്ട്‌കോ എന്നിവരാണ് പുരസ്‌കാരം എന്നിവരും ഖ്യാതിക്കൊപ്പം പുരസ്‌കാരം നേടിയിട്ടുണ്ട്.

എഡബ്ല്യുഎം സ്ഥാപകാംഗവും രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ആലീസ് ടി. ഷേഫറുടെ (1915-2009) സംഭാവനകളെ അനുസ്മരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

കാൽടെക്കിലെ ഗണിതശാസ്ത്ര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖ്യാതി കോമളന്‍ അതുല്യമായ ഗണിത പ്രതിഭയും അസാധാരണ പഠനശേഷിയും തെളിയിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ കാലം മുതല്‍ തന്നെ ബിരുദ-ബിരുദാനന്തര പഠന നിലവാരത്തിലുള്ള ഗണിതശാസ്ത്ര വിഷയങ്ങള്‍ അവൾ സ്വയം പഠിച്ച് പ്രാവീണ്യം നേടുകയായിരുന്നു.

കാറ്റഗറി തിയറി, ആല്‍ജിബ്രെയിക് ക്വാണ്ടം ഫീല്‍ഡ് തിയറി, ടോപ്പോളജിക്കല്‍ ഡേറ്റ അനാലിസിസ് തുടങ്ങി വിവിധ മേഖലകളില്‍ അതീവ തല്പരയായ ഖ്യാതിയുടെ മൂന്ന് സിംഗിള്‍-ഓതര്‍ പ്രി പ്രിന്റുകള്‍ ആര്‍ക്കൈവില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്; മറ്റു രണ്ടെണ്ണം തയ്യാറായി വരുകയാണ്.

ഫ്രഷ്മാന്‍ വര്‍ഷത്തില്‍ നോണ്‍-ഹെര്‍മിഷ്യന്‍ റിബണ്‍ ഫ്യൂഷന്‍ കാറ്റഗറികളില്‍ നടത്തിയ സ്വതന്ത്ര ഗവേഷണത്തിന് ഖ്യാതി കാല്‍ടെക്കിന്റെ മോര്‍ഗന്‍ വാര്‍ഡ് പ്രൈസ് നേടിയിട്ടുണ്ട്. 2025ലെ വേനല്‍ക്കാലത്ത് ഓക്‌സ്‌ഫഡ് ടോപോസ് ഇൻസ്റ്റിട്യൂട്ടിൽ വിസിറ്റിംഗ് സ്‌കോളറായി  ഖ്യാതി പ്രവര്‍ത്തിച്ചിരുന്നു.

ഖ്യാതി മികവുറ്റ ഗവേഷകയെന്നതിലുപരി മികച്ച അവതാരകയും അധ്യാപികയുമായാണ് വിലയിരുത്തപ്പെടുന്നത്. അവരുടെ സെമിനാര്‍ പ്രസംഗങ്ങള്‍ വ്യക്തത, സൃഷ്ടിപരത, പുതുമ എന്നിവയുടെ പേരില്‍ പ്രത്യേക പ്രശംസയര്‍ഹിക്കുന്നു.

ഷേഫര്‍ പ്രൈസ് ലഭിച്ചതില്‍ അതിയായ സന്തോഷവും നന്ദിയും തനിക്കുണ്ടെന്ന് ഖ്യാതി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ പുരസ്‌കാരനേട്ടത്തോടുള്ള പ്രതികരണത്തിൽ അവൾ വിശേഷിപ്പിച്ചത് 'വെല്ലുവിളികളും വളര്‍ച്ചയും'  നിറഞ്ഞവ എന്നാണ്. ഈ യാത്ര തനിക്ക് നൽകിയ അറിവുകളും ആത്മവിശ്വാസവും വലുതായിരുന്നുവെന്നും അവൾ പറഞ്ഞു.

കാല്‍ടെക്കിലെ തന്റെ ഗുരുവായ പ്രൊഫ. മാത്യൂ ഗെര്‍മന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും തന്റെ പഠന ജീവിതത്തിന് നൽകിയ സുസ്ഥിരത വിലമതിക്കാനാവാത്തതാണെന്ന് ഖ്യാതി ചൂണ്ടിക്കാട്ടി. റോസ് മാതമാറ്റിക്‌സ് പ്രോഗ്രാം വഴി ആരംഭിച്ച തന്റെ ഗണിതശാസ്ത്രത്തിലേക്കുള്ള യാത്രയിൽ ഉറച്ച പിന്തുണയുമായി വന്ന പ്രഫ. ജിം ഫൗളറും കൗണ്‍സലര്‍ ബ്രാൻഡ്‌ലി വോസും നൽകിയ സംഭാവന നിസ്തുലമാണെന്നും അവൾ ഓർത്തു. 

ഒരു ഘട്ടത്തില്‍ ഗണിതശാസ്ത്രത്തില്‍ തുടരണമോ എന്ന ആശയക്കുഴപ്പത്തിലായിരുന്ന സമയത്ത് ടോപോസ് ഇൻസ്റ്റിറ്റ്യൂട്ട് നല്‍കിയ അവസരങ്ങള്‍ തന്നെ വഴിമാറാതിരിക്കാന്‍ സഹായിച്ചതായി ഖ്യാതി പറഞ്ഞു. ബ്രാന്‍ഡന്‍ ഷാപിറോ, ബ്രെന്‍ഡന്‍ ഫോങ്, ടിം ഹോസ്ഗുഡ് എന്നിവര്‍ നല്‍കിയ പ്രോത്സാഹനവും വളരെ വലുതായിരുന്നു.

കാൽടെക്കിലെ തന്റെ പഠനം തുടരാൻ നിർണായകമായത് ഡോക്ടർ ടൈലർ കോവൻസ് നേതൃത്വം നൽകുന്ന എമെർജെന്റ് വെഞ്ചേഴ്‌സിനോടും തനിക്ക് ധനസഹായം ഉറപ്പാക്കാൻ രാവും പകലും അദ്ധ്വാനിച്ച ഡോ. ശ്രുതി രാജഗോപാലനോടും തനിക്കുള്ള കടപ്പാട് പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ഖ്യാതി തന്റെ കുറിപ്പിൽ പറഞ്ഞു.

ഈ വർഷത്തെ പുരസ്‌ക്കാര ജേതാക്കളിൽ മുൻനിരയിലുള്ള ഖ്യാതി കോമളന്റെ നേട്ടങ്ങള്‍ വനിതകള്‍ ഗണിതശാസ്ത്രരംഗത്ത് കൈവരിച്ചുകൊണ്ടിരിക്കുന്ന ഉയര്‍ച്ചയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.