ചെന്നൈ: ബന്ധുവായ യുവതിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ പോലീസ് കസ്റ്റഡിയിൽ. തമിഴ്‌നാട് പോലീസാണ് ആലുവയിലെ താമസസ്ഥലത്ത് നിന്ന് ബുധനാഴ്ച രാത്രിയോടെ മിനുവിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ വ്യാഴാഴ്ച രാവിലെയോടെ ചെന്നൈയിലെത്തിച്ചു. ചെന്നൈ തിരുമംഗലം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2014ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ബന്ധുവായ യുവതിയെ തമിഴ്‌നാട്ടിലേക്ക് വിളിച്ചുവരുത്തി സെക്‌സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണ് പരാതി. ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന മിനു മുനീർ ആലുവയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തമിഴ്‌നാട് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ നൽകിയ അപകീർത്തിക്കേസിൽ അടുത്തിടെ അറസ്റ്റിലായ മിനു മുനീർ, ഈ കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് അധികനാളായിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ കേസിൽ പോലീസ് നടപടിയുണ്ടായിരിക്കുന്നത്. നേരത്തെ, ബാലചന്ദ്രമേനോനെതിരെ മിനു നൽകിയ ലൈംഗികാതിക്രമ പരാതി തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ, സിനിമയിലെ നിരവധി പ്രമുഖർക്കെതിരെ മിനു മുനീർ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബാലചന്ദ്രമേനോന് പുറമെ നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയവർ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു മിനുവിന്റെ ആരോപണം. ഇതിനിടെ, ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മിനു മുനീറിന്റെ അഭിഭാഷകനായ സംഗീത് ലൂയിസിനെ കഴിഞ്ഞയാഴ്ച കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർച്ചയായ നിയമനടപടികളും വിവാദങ്ങളും മിനു മുനീറിനെതിരായ കുരുക്ക് കൂടുതൽ മുറുക്കുകയാണ്.
ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ പൊലീസ് പിടിയിൽ
