തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ സംസ്ഥാന സര്‍ക്കാര്‍ വിശിഷ്ട സേവാമെഡലിന് ശിപാര്‍ശ ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബ് ശിപാര്‍ശ മുന്നോട്ടു വെച്ചത്. ഇതിനു മുന്‍പും സര്‍ക്കാര്‍ അജിത് കുമാറിന് വിശിഷ്ട സേവാ മെഡല്‍ നല്‍കണമെന്ന് ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ തള്ളുകയായിരുന്നു.
തൃശൂര്‍ പൂരം കലക്കല്‍, പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തുടങ്ങി നിരവധി നിയമവിരുദ്ധ ആരോപണങ്ങളാണ് അജിത് കുമാര്‍ നേരിട്ടത്. അജിത് കുമാറിന്റെ ജൂനിയര്‍ ഓഫിസര്‍മാര്‍ക്ക് ഉള്‍പ്പെടെ വിശിഷ്ട സേവാമെഡല്‍ ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും ശിപാര്‍ശയുമായി മുന്നോട്ടു വന്നത്. മുഖ്യമന്ത്രിക്കു നല്‍കിയിരിക്കുന്ന ശിപാര്‍ശ പരിശോധനയ്ക്കു ശേഷം കേന്ദ്രത്തിന് സമര്‍പ്പിക്കും.
ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാവുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഓഫിസറാണ് അജിത് കുമാര്‍. എഡിജിപി വിജയനെതിരെ വ്യാജമൊഴി നല്‍കിയ കേസില്‍ അജിത് കുമാറിനെതിരെ കേസ് എടുക്കാമെന്ന് ഡിജിപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.