ന്യൂഡൽഹി: അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ 14 രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശങ്ങളുമായി ഇന്ത്യൻ എംബസികൾ രംഗത്ത്. വ്യോമപരിധികൾ അടച്ചതും യാത്രാ നിയന്ത്രണങ്ങൾ ശക്തമായതുമൂലം നിരവധി പേർ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്.
ഖത്തറിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പുതുക്കിയ നിർദേശത്തിൽ, പ്രാദേശിക ഭരണകൂടങ്ങൾ പുറപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് ഇന്ത്യൻ സമൂഹത്തോട് അഭ്യർഥിച്ചു. വിശ്വസനീയമായ ഔദ്യോഗിക വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും മുന്നറിയിപ്പുണ്ട്. സമാന നിർദേശം അബുദാബിയിലെയും ദുബായിലെയും ഇന്ത്യൻ മിഷനുകളും നൽകിയിട്ടുണ്ട്.
സുരക്ഷാ സാഹചര്യം അനിശ്ചിതമായതിനാൽ വീടുകളിൽ തന്നെ തുടരണമെന്ന് വിദേശകാര്യ മന്ത്രാലയവും എംബസികളും ആവർത്തിച്ചു. ഡ്രോൺ, മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അത്യാവശ്യമായ കാരണങ്ങൾ ഒഴികെ പുറത്തേക്ക് പോകരുതെന്നാണ് നിർദേശം. ഖത്തർ ആഭ്യന്തര മന്ത്രാലയവും പൊതുസുരക്ഷ ഉറപ്പാക്കാൻ വീടുകൾക്കുള്ളിൽ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്ന് നിർദേശിച്ചിട്ടുണ്ട്.
വിമാന സർവീസുകൾ സംബന്ധിച്ചും ജാഗ്രത ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തറിന്റെ വ്യോമപരിധി ഇപ്പോഴും അടഞ്ഞ നിലയിലാണ്. ഖത്തർ സിവിൽ ഏവിയേഷൻ അതോരിറ്റി വ്യോമപരിധി സുരക്ഷിതമായി വീണ്ടും തുറക്കുന്നുവെന്ന പ്രഖ്യാപനം വരുന്നതുവരെ ഹമദ് ഇന്റർനാഷണൽ എയർ പോർട്ട് -വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പോകാതെ ബന്ധപ്പെട്ട എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു. അതേസമയം ദുബായ് വിമാനത്താവളത്തിൽ പരിമിത സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ മുൻകൂർ സ്ഥിരീകരണം നേടേണ്ടതുണ്ട്.
ആവശ്യമായ അടിയന്തര സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ നമ്പറുകളും ഇമെയിൽ വിലാസങ്ങളും എംബസികൾ പുറത്തിറക്കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഹെൽപ്ലൈൻ നമ്പർ +974 55647502 ആണ്. അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ ടോൾ ഫ്രീ നമ്പർ 80046342, വാട്സാപ്പ് +971 543090571 എന്നിങ്ങനെയാണ്. ബന്ധപ്പെട്ട ഇമെയിൽ വിലാസങ്ങളിലൂടെയും സഹായം തേടാവുന്നതാണ്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഗൾഫ് രാജ്യങ്ങളിലെ സമകക്ഷികളുമായി ആശയവിനിമയം നടത്തി. സംവാദവും നയതന്ത്രപരമായ ഇടപെടലുകളും വഴി സംഘർഷം കുറയ്ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്ഥിതിഗതികൾ നിരന്തരം മാറുന്ന സാഹചര്യത്തിൽ ജാഗ്രതയോടെയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിച്ചും പ്രവർത്തിക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് എംബസികൾ വീണ്ടും അഭ്യർഥിച്ചു.
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം; യാത്ര ഒഴിവാക്കി വീടുകളിൽ തുടരണമെന്ന് എംബസികളുടെ മുന്നറിയിപ്പ്
