ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ക്ക് തത്ക്കാലം സ്‌റ്റേ ഇല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കേസില്‍ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ സിഎംആര്‍എല്ലിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റപത്രം നല്‍കിയ ഒരു കേസില്‍ തുടര്‍നടപടി എങ്ങനെ റദ്ദാക്കുമെന്നും കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി. മാസപ്പടിക്കേസ് പരിഗണിക്കുന്നത് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി.
കേസില്‍ തുടര്‍നടപടികള്‍ തടയണമെന്ന ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ എസ്എഫ്‌ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആര്‍എല്‍ വാദിച്ചിരുന്നു. എന്നാല്‍ വാക്കാലുള്ള ഉറപ്പിന് ജുഡീഷ്യല്‍ തെളിവ് അല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
കുറ്റപ്പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കുമോ എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി ചോദിച്ചു. എന്നാല്‍ മുന്‍ ഉറപ്പ് അന്വേഷണ എജന്‍സി പാലിച്ചില്ലെന്ന് സിഎംആര്‍എല്ലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി.
അതേസമയം, മാസപ്പടി കേസില്‍ വീണ വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് വീണാ വിജയനെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇഡി കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. രേഖകള്‍ കിട്ടിയതിനുശേഷമായിരിക്കും ഇഡി നടപടികളിലേക്ക് നീങ്ങുക.
മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ക്ക് തത്ക്കാലം സ്‌റ്റേ ഇല്ലെന്ന് ഡല്‍ഹി ഹൈക്കോടതി
