തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ലാത്തി വീശി.
ബിജെപി പ്രവര്‍ത്തകര്‍ പഴയനടക്കാവില്‍ നിന്ന് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചായി എത്തുകയായിരുന്നു. ഇതോടെ കൂടുതല്‍ സിപിഎം പ്രവര്‍ത്തകരും ഓഫീസിനകത്തെത്തി. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വോട്ടര്‍പ്പട്ടിക ക്രമക്കേടിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും സിപിഎം പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ ചേരൂരിലെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എംപിയുടെ ക്യാംപ് ഓഫിസിലേക്കുള്ള ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.