ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ മകന്റെ ഫ്‌ളാറ്റില്‍വെച്ചു കണ്ടു; രാഷ്ട്രീയം സംസാരിച്ചില്ല-ഇ.പി ജയരാജന്‍

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ മകന്റെ ഫ്‌ളാറ്റില്‍വെച്ചു കണ്ടു; രാഷ്ട്രീയം സംസാരിച്ചില്ല-ഇ.പി ജയരാജന്‍


തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍. മകന്റെ ഫ്‌ളാറ്റില്‍വെച്ചാണ് ജാവഡേക്കറെ കണ്ടത്. വ്യക്തിപരമായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചില്ല. തന്നെ പരിപയപ്പെടാന്‍ ഇങ്ങോട്ടു വന്നതാണ്. വീട്ടില്‍ വന്ന ആളോട് ഇറങ്ങി പോകാന്‍ പറയാന്‍ പറ്റുമോയെന്നും ജയരാജന്‍ ചോദിച്ചു.

മകന്റെ ഫ്‌ലാറ്റില്‍ ഞാന്‍ ഉണ്ടെന്നറിഞ്ഞ് പരിചയപ്പെടാനായി വന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതിനു മുന്‍പ് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. എനിക്കൊരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞ് ഞാന്‍ ഇറങ്ങി. തൊട്ടുപിന്നാലെ അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ല. സംസാരിച്ചാല്‍ മാറി പോകുന്നതല്ല തന്റെ രാഷ്ട്രീയം. തന്നെ കാണാന്‍ വന്നവരെ കുറിച്ചെല്ലാം പാര്‍ട്ടിയോട് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു വരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ അടുത്ത് കണ്ടിട്ടില്ല. കൊച്ചിയിലെ ഒരു കല്യാണത്തില്‍ വച്ച് ശോഭ മകന്റെ നമ്പര്‍ വാങ്ങിയിരുന്നു. ശോഭയാണ് മകന് വാട്‌സാപ്പിലൂടെ ചിത്രങ്ങള്‍ അയച്ചത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ബി ജെ പിയിലേക്ക് പോകുന്നതിനെ ലഘൂകരിക്കാന്‍ ശ്രമം നടന്നു. സുധാകരന്റെ ആര്‍എസ്എസ് - ബിജെപി ചാട്ടത്തിന് ഞങ്ങളെ ഉപയോഗിക്കേണ്ടെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.