തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിന്റെതാണ് തീരുമാനം. സ്വർണം പൂശിയ ദ്വാരപാലകശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് രേഖപ്പെടുത്തി ഗുരുതരവീഴ്ച വരുത്തി റിപ്പോർട്ട് നൽകിയതിനാണ് നടപടിയെന്ന് ദേവസ്വം ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. സ്വർണപ്പാളി വിവാദത്തിൽ എടുക്കുന്ന ആദ്യനടപടിയാണിത്.
ദേവസ്വം ബോർഡിന്റെ നടപടിയിൽ പ്രതികരിക്കാനില്ലെന്ന് മൂരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു. താനൊരു ഉദ്യോഗസ്ഥനാണ്. നടപടി പൂർണമായി അനുസരിക്കുന്നു. മുപ്പത് വർഷമായി ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്നയാളാണ്. ഇന്നുവരെ നിയമവിധേയമായി മാത്രമാണ് പ്രവർത്തിച്ചത്. തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മൂരാരി ബാബു ആവർത്തിച്ചു. ചെമ്പുപാളിയായതുകൊണ്ടാണ് അങ്ങനെ എഴുതിയത്. തന്റെ കണ്ണുകളെ വിശ്വസിച്ചാണ് എഴുതിയതെന്നും ശ്രീകോവിലിന്റെ കട്ടിളപ്പാളികളും അത്തരത്തിൽ കൊണ്ടുപോയെന്നും മൂരാരി ബാബു പറഞ്ഞു
ശബരിമല സ്വർണപ്പാളി വിവാദം: മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തു
