ഗള്‍ഫ് മുതല്‍ ആഫ്രിക്കവരെയുള്ള പ്രവാസികളുടെ സംവാദ വേദിയായി പൊതുസഭ

ഗള്‍ഫ് മുതല്‍ ആഫ്രിക്കവരെയുള്ള പ്രവാസികളുടെ സംവാദ വേദിയായി പൊതുസഭ


ള്‍ഫ് മുതല്‍ ആഫ്രിക്കവരെയുള്ള പ്രവാസികളുടെ സംവാദ വേദിയായി പൊതുസഭ

തിരുവനന്തപുരം: ആഗോള പ്രവാസി മലയാളികളുടെ പരിഛേദമായി മാറിയ ലോകകേരള സഭയുടെ പൊതുസഭയില്‍ ശനിയാഴ്ച രാവിലെ നടത്തിയ മേഖലതല ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിങ് വിശ്വമലയാളികളുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങളുടെ സംവാദ വേദിയായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെയും പ്രെസീഡിയം അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന പൊതുസഭയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ മുതല്‍ ആഫ്രിക്കയില്‍ കേരളത്തിനുള്ള കയറ്റുമതി സാധ്യതകള്‍ വരെ ചര്‍ച്ചയായി. 

ഗള്‍ഫ് രാജ്യങ്ങള്‍, ഏഷ്യാ പസഫിക് മേഖല, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, തിരികെ എത്തിയ പ്രവാസികള്‍ എന്നിങ്ങനെ വിഭജിച്ച് വെള്ളിയാഴ്ച രാത്രി നടത്തിയ മേഖലതല ചര്‍ച്ചകളില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളാണ് ചുമതലപ്പെട്ട സഭാംഗങ്ങള്‍ സമാഹരിച്ച് പൊതുസഭയില്‍ അവതരിപ്പിച്ചത്.

പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കുന്നവരുടെ പ്രായപരിധി 65 ആയി ഉയര്‍ത്തണം, മുഴുവന്‍ പ്രവാസികളെയും ക്ഷേമനിധിയും അംഗമാക്കാന്‍ നടപടിയെടുക്കണം, വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് കാറ്റഗറി ആക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം, പ്രവാസികളുടെ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും പലിശരഹിത ലോണ്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്ക കൗണ്ടര്‍ ആരംഭിക്കണം, വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണം, നോര്‍ക്ക സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് തൊഴില്‍സംവരണം അനുവദിക്കണം, മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നോര്‍ക്ക നല്‍കുന്ന സാമ്പത്തിക സഹായം ഒരു ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി വര്‍ധിപ്പിക്കണം, നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായം ആരംഭിക്കാന്‍ സിംഗിള്‍ വിന്‍ഡോ ചാനല്‍ ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഗള്‍ഫ് മേഖലയിലെ പ്രവാസികളില്‍ നിന്നും ഉയര്‍ന്നത്.

കാര്‍ഷിക മേഖലയില്‍ വിയറ്റ്‌നാമുമായി സഹകരിക്കണം, തൊഴില്‍ വിസ തട്ടിപ്പുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണം, വിവിധ രാജ്യങ്ങളിലെ വിസ നിയമങ്ങള്‍ പഠിച്ചു നോര്‍ക്ക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം, എമിഗ്രേഷന്‍ ഓറിയന്റേഷന്‍ ആരംഭിക്കണം, സിംഗപ്പൂരില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കണം, ഏഷ്യ പസഫിക് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണം, മൈഗ്രേഷന്‍ വിഷയത്തില്‍ അവഗാഹമുള്ള അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കണം, നഴ്‌സിംഗ് കരിക്കുലം പരിഷ്‌കരിക്കണം, മലയാളം മിഷന്‍ പുസ്തകങ്ങള്‍ പരിഷ്‌കരിക്കണം, നഴ്‌സിങ് മേഖലയില്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തണം എന്നിവയാണ് ഏഷ്യാ പസഫിക് മേഖലയിലെ പ്രവാസികള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍.

കരീബിയന്‍ ദ്വീപുകളിലേക്ക് ആഴ്ചയില്‍ ഡയറക്ട് വിമാന സര്‍വീസ് ആരംഭിക്കണം, ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച പ്രവാസി ഹൃസ്വ ചിത്രത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തണം എന്നിവയാണ് അമേരിക്കന്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങള്‍.

മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണം എന്ന് യൂറോപ്യന്‍ മേഖലയിലെ പ്രവാസികള്‍ ആവശ്യപ്പെട്ടു. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് മാത്രമായി വിദേശ വിദ്യാഭ്യാസം പരിമിതപ്പെടുത്തണം, വിദേശത്തേക്ക് പോകുന്നവര്‍ക്ക് നിയമസഹായം നല്‍കണം, റിക്രൂട്ടിങ് തട്ടിപ്പുകള്‍ തടയുന്നതിന് നോര്‍ക്ക റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണം, വിദേശ വിദ്യാര്‍ഥികളെ സഹായിക്കാന്‍ നോര്‍ക്കയില്‍  പ്രത്യേക ഓഫീസറെ നിയമിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും അവര്‍ പങ്കുവെച്ചു.

ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ ആഫ്രിക്കയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ മേഖലയില്‍ ആഫ്രിക്കയില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആഫ്രിക്കയിലേക്കുള്ള കയറ്റുമതി സാധ്യത പ്രയോജനപ്പെടുത്തുക, പ്രവാസി സര്‍വ്വകലാശാല ആരംഭിക്കുക, ആഫ്രിക്കയിലെ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, ആഫ്രിക്കയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും നിമിഷപ്രിയയുടെ മോചനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം, മലയാളം മിഷന്‍ പുസ്തകങ്ങള്‍ ആഫ്രിക്കയില്‍ എത്തിക്കണം തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവച്ചു.

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലെ കാലതാമസം ഒഴിവാക്കുകയും ധനസഹായം വര്‍ധിപ്പിക്കുകയും ചെയ്യണം എന്നതായിരുന്നു ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവാസികളുടെ ഒരു പ്രധാന ആവശ്യം. പ്രവാസി ഭാഷാപ്രവര്‍ത്തകരെ മലയാളം മിഷന്‍ ഘടനയില്‍ ഉള്‍പ്പെടുത്തണം,  ഇന്ത്യക്കകത്തുള്ള സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവര്‍ പങ്കുവെച്ചു.

പ്രവാസി പെന്‍ഷന്‍ പ്രായപരിധി ഒഴിവാക്കണം, പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി സെസ് ഏര്‍പ്പെടുത്തണം, പ്രവാസി ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കണം, കുടുംബശ്രീ മിഷന്‍ മാതൃകയില്‍ പ്രവാസി മിഷന്‍ ആരംഭിക്കണം എന്നിവയായിരുന്നു മടങ്ങിവന്ന പ്രവാസികളുടെ പ്രധാന ആവശ്യങ്ങള്‍.