യൗവനം നിലനിര്‍ത്താന്‍ ജീന്‍ തെറാപ്പിക്ക് വിധേയനായി അമേരിക്കന്‍ ശതകോടീശ്വരന്‍

യൗവനം നിലനിര്‍ത്താന്‍ ജീന്‍ തെറാപ്പിക്ക് വിധേയനായി അമേരിക്കന്‍ ശതകോടീശ്വരന്‍


ന്യൂയോര്‍ക്ക്: പ്രായം കൂടുതോറും ജരാനരകള്‍ ബാധിച്ച് ശക്തിയും സൗന്ദര്യവും മറ്റു ശാരീരികചോദനകളും കുറയുമെന്ന ആശങ്കയാണ് മനുഷ്യര്‍ക്ക്. വാര്‍ധ്യക്യം മറച്ചുപിടിക്കാനും ചെറുപ്പം നിലനിര്‍ത്താനും പെടാപ്പാടു പെടുന്നവരുമുണ്ട്. പ്രായംകൂടുംതോറും ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനങ്ങളാണ് ശാരീരികമായ ബുദ്ധിമുട്ടുകളും അഭംഗിയുമെല്ലാം സൃഷ്ടിക്കുന്നത്. ഇതിനെ മറികടക്കാന്‍ ആധുനിക വൈദ്യശാസ്ത്രവും സൗന്ദര്യ ശാസ്ത്രവും നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. അതിലൊന്നാണ് ജനിതക ഘടനയില്‍ മാറ്റം വരുത്തി പ്രായം കുറയ്ക്കുന്ന ചികിത്സ. വളരെ ചെലവുകൂടിയതാണെങ്കിലും ആളുകള്‍ ഈ ചികിത്സ നടത്തി വിജയം കണ്ടിട്ടുണ്ട്. അമേരിക്കന്‍ ശതകോടീശ്വരനായ  ബ്രയാന്‍ ജോണ്‍സണ്‍ ഈയിടെ ജനിതക മാറ്റ ചികിത്സ നടത്തി പ്രായം കുറച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബ്രയാന്‍ തന്നെയാണ് താന്‍ ജനിതക ഘടനയില്‍ മാറ്റം വരുത്തി പ്രായം കുറക്കാനുള്ള ചികിത്സക്ക് വിധേയനായെന്ന് യുട്യൂബ് വീഡിയോയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. 20,000 ഡോളര്‍ മുടക്കി ഹോണ്ടുറാസിലെ ഒരു ദ്വീപില്‍ വെച്ചാണ് താന്‍ ജീന്‍ തെറാപ്പിക്ക് വിധേയനായതെന്നും എന്നും ചെറുപ്പം നിലനിര്‍ത്താനാണ് താന്‍ ഈ ചികിത്സ നടത്തിയതെന്നും ബ്രയാന്‍ ജോണ്‍സണ്‍ വീഡിയോയില്‍ പറഞ്ഞു.

ഒരു രഹസ്യ ദ്വീപില്‍ വെച്ച് നടത്തിയ ചികിത്സയിലൂടെ തന്റെ ഡിഎന്‍എയില്‍ മാറ്റം വരുത്തിയെന്ന ടൈറ്റിലോടെ യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബ്രയാന്‍ ജോണ്‍സണ്‍ന്റെ അവകാശവാദം. വലിയ രീതിയില്‍ ?വയസ് കുറക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ഇതിനായാണ് ഡിഎന്‍എയില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ ചികിത്സയിലൂടെ അഞ്ച് വയസ് വരെ പ്രായം കുറക്കാന്‍ സാധിക്കുമെന്നും ബ്രയാന്‍ അവകാശപ്പെടുന്നു. യുവാവായി ഇരിക്കാന്‍ പ്രതിവര്‍ഷം താന്‍ 2 മില്യണ്‍ ഡോളര്‍ മുടക്കുന്നുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, യുഎസ് റെഗുലേറ്ററായ എഫ്ഡിഎയുടെ അംഗീകാരം ഇതുവരെ ഇത്തരം ചികിത്സക്ക് ലഭിച്ചിട്ടില്ല.

അര്‍ബുദം, ജനിതക വൈകല്യങ്ങള്‍, അണുബാധ എന്നിവക്കെല്ലാം ഉപയോഗിക്കുന്ന ചികിത്സ രീതിയായ ജീന്‍ തെറാപ്പിക്കാണ് ജോണ്‍സണ്‍ വിധേയനായിരിക്കുന്നത്. തകരാറുള്ള ജീനുകള്‍ മാറ്റി പകരം പുതിയത് വെക്കു?ക, അസുഖമുള്ള ജീനിനെ നിര്‍ജീവമാക്കുക, പുതുതായി ജീന്‍ കൂട്ടിച്ചേര്‍ത്ത് രോഗത്തിനെതിരെ പ്രതിരോധമൊരുക്കുക എന്നതെല്ലാം ഈ ചികിത്സരീതിയുടെ ഭാഗമാണ്. ഇത് ഉപയോഗിച്ച് ജീനുകളില്‍ മാറ്റം വരുത്തി പ്രായം കുറക്കാനാവുമെന്നാണ് ജോണ്‍സന്റെ അവകാശവാദം.