തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം; പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍

തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം; പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍


തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ഓര്‍ഡിനന്‍സുകള്‍ മടക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സില്‍ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകാത്തതിനാല്‍ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്.

1994ലെ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനാണ് രണ്ട് ഓര്‍ഡിനന്‍സുകള്‍. ഓരോ തദ്ദേശ സ്ഥാപനത്തിലും 2011ലെ ജനസംഖ്യാനുപാതികമായി വാര്‍ഡുകളും അതിര്‍ത്തികളും പുനര്‍നിര്‍ണയിക്കും. 2021ല്‍ സെന്‍സസ് നടക്കാത്തതിനാലാണ് 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കുന്നത്. ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണ. പൊതുതിരഞ്ഞെടുപ്പ് നടത്തി 2025 ഡിസംബറില്‍ പുതിയ തദ്ദേശ ജനപ്രതിനിധികള്‍ അധികാരമേല്‍ക്കുന്നത് പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തിലാകും.