തെളിവില്ലാതെ വ്യക്തികള്‍ക്കെതിരെ ആരോപണം ഉന്നയിക്കരുത്; ദുല്‍ക്കറിന്റെ വാഹനം വിട്ടുകൊടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

തെളിവില്ലാതെ വ്യക്തികള്‍ക്കെതിരെ ആരോപണം ഉന്നയിക്കരുത്; ദുല്‍ക്കറിന്റെ വാഹനം വിട്ടുകൊടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം


കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത നടന്‍ ദുല്‍ക്കര്‍ സല്‍മാന്റെ വാഹനം വിട്ടുനല്‍കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കി. വാഹനം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ദുല്‍ക്കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വാഹനം വിട്ടു നല്‍കണമെന്നാണ് കോടതി കസ്റ്റംസിനോട് നിര്‍ദ്ദേശിച്ചത്. കസ്റ്റംസ് വാഹനം വിട്ടു നല്‍കാന്‍ തയ്യാറല്ലെങ്കില്‍ കാരണം സഹിതം റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം സമര്‍പ്പിക്കാനും കോടതി ഉത്തരവിറക്കിയിട്ടുണ്ട്.

വാഹനത്തിന്റെ മൂല്യത്തിനൂ തുല്യമായ തുക കെട്ടിവയ്ക്കാമെന്നു ദുല്‍ക്കര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. വ്യക്തികള്‍ക്കെതിരെ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അത് ശരിയായ നടപടിയല്ലെന്നും കസ്റ്റംസിനോട് കോടതി പറഞ്ഞു.

ദുല്‍ക്കറിന്റെ മറ്റ് രണ്ടു വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിനെ ദുല്‍ക്കര്‍ ചോദ്യം ചെയ്തിരുന്നില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. കസ്റ്റംസ് ആക്ട് പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു.