ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: മലങ്കര കത്തോലിക്കാ സൂന്നഹദോസ്

ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: മലങ്കര കത്തോലിക്കാ സൂന്നഹദോസ്


തിരുവനന്തപുരം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്കു അതിവേഗത്തില്‍ പരിഹാരം കാണണമെന്ന് പട്ടം കാതോലിക്കേറ്റ് സെന്ററില്‍ സമാപിച്ച എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഭരണഘടനയും ക്രിസ്തീയ വിശ്വാസവും രാജ്യത്ത് സംരക്ഷിക്കെപ്പെടേണ്ടതാണെന്നും സുന്നഹദോസ് അഭിപ്രായപ്പെട്ടു. അധ്യാപക നിമയനത്തിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ ഗവണ്മെന്റ് എടുത്ത തീരുമാനങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും അധ്യാപകരോട് നീതി കാട്ടണമെന്നും സുന്നഹദോസ് പറഞ്ഞു.

മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് സമാപിച്ചു. 2030 മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഒരുക്കമായി 2026 സെപ്റ്റ്മ്പര്‍ 20 മുതല്‍ 2027 സെപ്റ്റംബര്‍ 19 വരെ ജീവകാരുണ്യ- നീതി വര്‍ഷമായി ആചരിക്കുവാനും കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുവാനും തീരുമാനിച്ചു.

സമാപന ദിവസം കഴിഞ്ഞ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ വിവിധ ഇടങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങള്‍ ആയ ജന പ്രതിനിധികള്‍ക്ക് സുന്നഹദോസ് സ്വീകരണം നല്‍കി. കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസ്, മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി എന്നിവര്‍ പ്രസംഗിച്ചു. വിവിധ സുന്നഹദോസ് കമ്മീഷന്‍ ചെയര്‍മാന്‍മാരായി ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് (വിശ്വാസ പരീശീലനം), ബിഷപ്പ് മാത്യൂസ് മാര്‍ പക്കോമിയോസ് (ദൈവശാസ്ത്രം, ചരിത്രം, പ്രസിദ്ധീകരണങ്ങള്‍) ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ് (ബൈബിള്‍), ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് (സുവിശേഷവത്കരണം), ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് (സഭൈക്യം, മതാന്തര സംവാദം), ബിഷപ്പ് മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ് (മലങ്കര കത്തോലിക്ക അസോസിയേഷന്‍), ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് (സാമൂഹിക ക്ഷേമം, ദളിത് ക്രൈസ്തവര്‍), ബിഷപ്പ് യൂഹാനോന്‍ മാര്‍ അലക്‌സിയോസ് (യുവജനം, ദൈവവിളി), ബിഷപ്പ് കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് (പ്രാവാസിക്ഷേമം) എന്നിവരെ സുന്നഹദോസ് നിയമിച്ചു. അത്മായര്‍ക്കു വേണ്ടിയുള്ള വിവിധ സംഘടനകളുടെ ഏകോപന ചുമതലയുള്ള മോഡറേറ്റര്‍ ആയി ബിഷപ്പ് ജോസഫ് മാര്‍ തോമസിനെ നിയമിച്ചു. സുന്നഹദോസില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ് , ബിഷപ്പുമാരായ ജോസഫ് മാര്‍ തോമസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ്, യൂഹാനോന്‍ മാര്‍ അലക്‌സിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രഹാം മാര്‍ യൂലിയോസ്, ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ പങ്കെടുത്തു.