തിരുവനന്തപുരം: പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മലയാളത്തിന്റെ മോഹന്‍ലാലിന് കേരളക്കരയുടെ ആദരമര്‍പ്പിച്ച് സര്‍ക്കാര്‍. ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. 'മലയാളം വാനോളം, ലാല്‍സലാം' എന്ന പേരില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിച്ചത്.
കേരള സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രി മോഹന്‍ലാലിനെ പൊന്നാട അണിയിച്ചു. മോഹന്‍ലാല്‍ ചിത്രങ്ങളിലെ ചലിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് തയ്യാറാക്കിയ ശില്‍പ്പം സമ്മാനിച്ചു. കവി പ്രഭ വര്‍മ്മ എഴുതിയ കാവ്യപത്രം മുഖ്യമന്ത്രി മോഹന്‍ലാലിന് സമര്‍പ്പിച്ചു. ഗായിക ലക്ഷ്മി ദാസ് കാവ്യപത്രം ചൊല്ലി. വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്റെ ''താമരക്കുളത്തിന്റെ ലോകം'' എന്ന ചിത്രം മുഖ്യമന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു.
ഹൃദ്യമായ നന്ദി വാക്കുകളോടെയാണ് മോഹന്‍ലാല്‍ ആദരം സ്വീകരിച്ചത്.
'എനിക്ക് ഈ സ്വീകരണം നല്‍കുന്നത് എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരുമാണ്. ഡല്‍ഹിയില്‍ വെച്ച് അതിവിഷ്ടമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം വാങ്ങിയ നിമിഷത്തേക്കാള്‍ ഏറെ വൈകാരിക ഭാരത്തോടെയാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ഒന്നുമറിയാതെ എന്റെ അമ്മയ്ക്കും അച്ഛനും ഒപ്പം ജീവിച്ച ഇടമാണ് ഈ മണ്ണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഞാന്‍ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജ്ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല. എനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും മലയാളിക്കും മലയാളത്തിനും കേരളത്തിന് ആകെയും ലഭിച്ചവയാണ് എന്ന് ഞാന്‍ കരുതുന്നു. ഏതു കലാകാരനും ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നത് അയാളുടെ കരങ്ങള്‍ ആണെങ്കിലും അത് എത്തിച്ചേരുന്നത് അയാളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സമൂഹത്തിലേക്കാണ്.'', മോഹന്‍ലാല്‍ പറഞ്ഞു.
എല്ലാ വിജയങ്ങളുടെ മുകളിലും മലയാള മനസിന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ജനങ്ങളുടെ സ്വന്തം 'ജീവിതാനുഭവം' ആയിരിക്കുന്നു മോഹന്‍ലാല്‍ എന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൂര്‍ണ്ണ നടന്‍ എന്ന് നമ്മള്‍ വിളിക്കുമ്പോള്‍ അതൊരു വിശേഷണം മാത്രമല്ല, തലമുറകള്‍ അംഗീകരിച്ച സത്യമാണെന്നും മന്ത്രി പറഞ്ഞു.
മലയാളത്തിന്റെ ആത്മസ്പന്ദനമാണ് മോഹന്‍ലാല്‍ എന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, അഭിനേത്രി അംബിക എന്നിവര്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു.
എ എ റഹീം എം പി, ആന്റണി രാജു എം എല്‍ എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, സംവിധായകന്‍ ജോഷി, അഭിനേത്രിമാരായ രഞ്ജിനി, മാളവിക മോഹനന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം ജില്ല കലക്ടര്‍ അനു കുമാരി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ മധു, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ കെ മധുപാല്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി എസ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനുള്ള കലാസമര്‍പ്പണമായ 'രാഗം മോഹനം' അരങ്ങേറി.