സദസിൽ കുട്ടികളെ അപമാനിച്ചെന്ന് പരാതി; കെ.ടി ജലീലിനെതിരെ കേസടുത്തു

സദസിൽ കുട്ടികളെ അപമാനിച്ചെന്ന് പരാതി; കെ.ടി ജലീലിനെതിരെ കേസടുത്തു


പാലക്കാട്: പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ അപമാനിച്ചെന്ന പരാതിയിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തു. മണ്ണാർക്കാട് നഗരസഭ 19, 20 ,22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീൽ. 
സദസിലിരുന്ന കുട്ടിയോട് എല്ലാവരും കേൾക്കെയാണ് 'നിനക്ക് അഡ്രസ് എഴുതാൻ അറിയില്ലേ' എന്ന് വേദിയിൽ നിന്ന് ജലീൽ വിളിച്ചുചോദിച്ചത്. ഹിന്ദിയിൽ എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ജലീൽ വേദിയിലേക്ക് വിളിച്ചത്. ശേഷം ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാൻ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടികൾ തെറ്റ് എഴുതിയപ്പോഴാണ് ജലീൽ അപമാനിച്ചത്. വായനാശീലം വർധിപ്പിക്കണമെന്നും കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അറിവ് വർധിപ്പിക്കാൻ വേണ്ടിയാകണമെന്ന് ഉപദേശിക്കുകയും ചെയ്തു.

സംസം എന്നാൽ എന്താണ് അർഥം? പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളും ജലീൽ കുട്ടികളോട് ചോദിക്കുന്നുണ്ട്. കുട്ടികളെ വേദിയിൽവെച്ച് ചെവിയിൽ നുള്ളുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്, സംഭവം വിവാദമായതോടെ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് എംഎസ്എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് പറഞ്ഞു. കായികമായി ഉപദ്രവിച്ചത് ബാലാവകാശ ലംഘനമാണെന്നും അമീൻ പറഞ്ഞു.