ധനുഷ്‌കോടി ദേശീയപാതയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

ധനുഷ്‌കോടി ദേശീയപാതയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു


അടിമാലി :  ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടു തകര്‍ന്ന് കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു.

ബിജു-സന്ധ്യ ദമ്പതികളാണ് ദുരന്തത്തില്‍പെട്ടത്. അബോധാവസ്ഥയില്‍ പുറത്തെടുത്ത ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

നാലര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആദ്യം സന്ധ്യയെ പുറത്തെത്തിക്കാനായത്. സാരമായ പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയ സന്ധ്യയെ, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി.

സന്ധ്യയുടെ കാലിന് ഗുരുതര പരുക്കുണ്ടെന്നും പൊട്ടലുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബിജുവിനെ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കാനായത്. 

ദേശീയപാതയുടെ നിര്‍മാണത്തിനായി മണ്ണെടുത്തതിനെത്തുടര്‍ന്ന് 50 അടിയിലേറെ ഉയരത്തില്‍ കട്ടിങ് ഉണ്ടായി. അതിനു മുകളില്‍ അടര്‍ന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടം. രണ്ടു വീടുകള്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി.

വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാര്‍പ്പിച്ചതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്. മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് ബിജുവും സന്ധ്യയും തറവാട്ട് വീട്ടിലേക്ക് മാറിയിട്ടും രേഖകള്‍ എടുക്കാന്‍ വേണ്ടിയാണ് വീട്ടിലേക്ക് എത്തിയത്.
ബിജുവും സന്ധ്യം വീടിന്റെ ഹാളില്‍ നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞുവീണ് വീടിന്റെ മേല്‍ക്കൂര താഴേയ്ക്ക് പതിച്ച സ്ഥിതിയിലാണ്.
പൊലീസും അഗ്‌നിശമന സേനയും എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തകര്‍ന്ന വീടിന്റെ കോണ്‍ക്രീറ്റ് പാളികള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാറ്റിയാണ് കുടുങ്ങി കിടക്കുന്നവരെ പുറത്തെടുത്തത്. അശാസ്ത്രിയ മണ്ണൊടുക്കലാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.
ദമ്പതികളുടെ മകന്‍ ഒരു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. മകള്‍ കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. അപകടസമയത്ത് മകള്‍ കോട്ടയത്തായിരുന്നു.