മലയാളികളുടെ അഭിമാനമായി ശാരിക: സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഐഎഎസ് നേടിയ ആദ്യ വ്യക്തി

മലയാളികളുടെ അഭിമാനമായി ശാരിക: സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഐഎഎസ് നേടിയ ആദ്യ വ്യക്തി


വടകര: കഴിഞ്ഞ ദിവസം പുറത്തുവന്ന സിവില്‍ സര്‍വീസ് പരീക്ഷാ ഫലത്തില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ അഭിമാനം നല്‍കുന്ന വിജയം വടകര കീഴരിയൂര്‍ സ്വദേശിനി എ. കെ ശാരികയുടേതാണ്.  സെറിബ്രല്‍ പാള്‍സി രോഗത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ശാരിക 922-ാo റാങ്ക് നേടിയത്. ജന്മനാ സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരിക വീല്‍ചെയറില്‍ ഇരുന്നാണ് ഈ സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്. കേരളത്തിനാകെ അഭിമാനിതക്കാനാവുന്ന നേട്ടം സ്വന്തമാക്കിയ ശാരികയെ മന്ത്രി ആര്‍ ബിന്ദു ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പ്രതിസന്ധികളോടും, ജീവിതാവസ്ഥകളോടും പടവെട്ടി നേടിയതാണ് ശാരികയുടെ ഉജ്വല വിജയമെന്ന് മന്ത്രി പറഞ്ഞു.

കീഴരിയൂര്‍ എരേമ്മന്‍ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ് ശാരിക. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ദേവിക സഹോദരിയാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ അബ്‌സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ നടപ്പാക്കുന്ന പ്രൊജക്റ്റ് ''ചിത്രശലഭം'' എന്ന പരിശീലന പദ്ധതി ശാരികയുടെ സിവില്‍ സര്‍വീസ് പഠനത്തിന് മികച്ച പിന്തുണ നല്‍കി.

ഇടത് കൈയ്യുടെ മൂന്ന് വിരലുകള്‍ മാത്രമേ ശാരികയ്ക്ക് ചലിപ്പിക്കാന്‍ കഴിയുകയുള്ളു. ഈ പരിമിതികളെയൊക്കെ അതിജീവിച്ചാണ് ശാരിക സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നത്.

2024 ലെ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായി,തുടര്‍ന്ന് ജനുവരി 30 ന് ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്റര്‍വ്യൂവില്‍ മികവ് തെളിയിച്ചു. ഓണ്‍ലൈനായും, തിരുവനന്തപുരത്ത് നേരിട്ടുമായിരുന്നു പരിശീലനം. ഇന്ത്യയില്‍ മൂന്നു കോടിയോളം ഭിന്നശേഷിക്കാരായ വ്യക്തികളുണ്ട്.എന്നാല്‍ സിവില്‍ സര്‍വീസ് അടക്കമുള്ള നേതൃരംഗത്ത് അവരുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് മന്ത്രി ആര്‍. ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.