കുഴൂരില്‍ നിന്ന് കാണാതായ ആറു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി; 22 കാരന്‍ പോലീസ് കസ്റ്റഡിയില്‍

കുഴൂരില്‍ നിന്ന് കാണാതായ ആറു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി; 22 കാരന്‍ പോലീസ് കസ്റ്റഡിയില്‍


തൃശൂര്‍:  മാള കുഴൂരില്‍ നിന്ന് കാണാതായ ആറു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുഴൂര്‍ സ്വര്‍ണ്ണപള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലിനെയാണ് വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് ആറോടെയാണ് വീടിന് സമീപത്തുനിന്ന് ഏബലിനെ കാണാതായത്. താനിശ്ശേരി സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഏബല്‍.

ഏബലിന്റെ മരണം കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനത്തില്‍ 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാള കുഴൂര്‍ കൈതാരത്ത് വീട്ടില്‍ ജോജോ ആണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതക സൂചനകള്‍ ലഭിച്ചതായാണ് പൊലീസ് അറിയിച്ചത്.

വെകുന്നേരം ഏറെ നേരമായിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ പാടശേഖരത്തിലുള്ള കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ അസ്വഭാവികത തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ചില വിവരങ്ങള്‍ ലഭിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസിയായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. സ്ഥലത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏബലിനെ ജോജോ ആളില്ലാത്ത സ്ഥലത്ത് വിളിച്ചു കൊണ്ടുപോകുകയും മോശമായി പെരുമാറുകയും ചെയ്തു. കുട്ടി ഇത് എതിര്‍ക്കുകയും അമ്മയെ അറിയിക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ ജോജോ കുട്ടിയുടെ മുഖം പൊത്തി കുളത്തില്‍ തള്ളിയിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കാണാതായ കുട്ടിയെ പരിശോധിക്കാന്‍ ജോജോയും ഒപ്പമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. മൃതദേഹം കിട്ടിയ ഭാഗത്തായിരുന്നില്ല ജോജോ തിരച്ചില്‍ നടത്തിയത്. ഇത് ആളുകളേയും പൊലീസിനേയും തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുട്ടി ഇയാള്‍ക്കൊപ്പമുള്ളതായി കണ്ടെത്തിയിരുന്നു.

ഏബല്‍ തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പിന്നീട് പോയെന്നുമാണ് ജോജോ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇത്രയും കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.  ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് വ്യക്തമാക്കി.