തൃക്കാക്കരയിൽ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവം; പ്രതികളുടെ ഭീഷണി ദൃശ്യങ്ങൾ പുറത്ത്

തൃക്കാക്കരയിൽ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവം; പ്രതികളുടെ ഭീഷണി ദൃശ്യങ്ങൾ പുറത്ത്


കൊച്ചി: തൃക്കാക്കരയിൽ മദ്യലഹരിയിൽ അഞ്ചംഗസംഘം പൊലീസ് പട്രോളിങ് സംഘത്തെ ആക്രമിച്ച സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഉണിച്ചിറ മരോട്ടിച്ചുവടിന് സമീപം നടന്ന സംഭവത്തിൽ പ്രതികളായ യുവാക്കൾ തന്നെ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോകളാണ് പുറത്തായത്. പൊലീസുകാർക്ക് നേരെയുള്ള ഭീഷണിയും കൊലവിളിയും മന്ത്രിമാർ സ്ഥലത്തെത്തണമെന്ന ആവശ്യവുമാണ് ദൃശ്യങ്ങളിലുള്ളത്.

മരോട്ടിച്ചുവടിയിലെ ഒരു വാടക അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന അഞ്ചംഗ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാരും കെയർടേക്കറും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നൈറ്റ് പട്രോളിങ് സംഘത്തോട് സഹകരിക്കുന്നതിന് പകരം യുവാക്കൾ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് വാക്കേറ്റത്തിലും ഭീഷണിയിലും ഏർപ്പെട്ടു.

ഐഡന്റിറ്റി കാർഡ് ആവശ്യപ്പെട്ട പൊലീസിനോട്, തങ്ങൾക്കെതിരെ പരാതി നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടു. 'ഞങ്ങൾ ഇവിടെ നിന്ന് പോകില്ല, മന്ത്രിമാർ ഇവിടെ വരണം' എന്ന് ഇവർ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. തങ്ങളെ പൊലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 'ഒരാളെയെങ്കിലും കൊന്നിട്ടേ ഞങ്ങൾ ഇവിടെ നിന്ന് പോകൂ' എന്ന ഭീഷണിയും യുവാക്കളിലൊരാൾ മുഴക്കുന്നത് വിഡിയോയിൽ കേൾക്കാം.

സ്ഥിതി വഷളായതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ സംഘർഷമുണ്ടാവുകയും ഇടപ്പള്ളി ട്രാഫിക് ഈസ്റ്റ് സി.ഐ ഉദയകുമാറിന്റെ കൈയ്ക്ക് ഗുരുതര പരുക്കേൽക്കുകയും എല്ല് പൊട്ടുകയും ചെയ്തു.

തുടർന്ന് പ്രതികൾ താമസിച്ചിരുന്ന വില്ലയ്ക്കുള്ളിൽ കയറി വാതിൽ പൂട്ടിയെങ്കിലും പൊലീസ് വാതിൽ പൊളിച്ചുകയറി അഞ്ചുപേരെയും പിടികൂടി. വയനാട് സ്വദേശി അക്ഷയ്, കൊല്ലം സ്വദേശി ജിനീഷ്, തിരുവനന്തപുരം സ്വദേശികളായ അജ്മൽ, അൽത്താഫ്, നെന്മാറ സ്വദേശി ഷംസുദീൻ എന്നിവരാണ് അറസ്റ്റിലായത്.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മാരകമായി പരുക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, പൊതുശല്യം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.