യമന്‍ ജയിലില്‍ നിമിഷ പ്രിയയെ അമ്മ സന്ദര്‍ശിച്ചു

യമന്‍ ജയിലില്‍ നിമിഷ പ്രിയയെ അമ്മ സന്ദര്‍ശിച്ചു


സന്‍ആ: യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി നേരില്‍കണ്ടു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും നേരില്‍ കണ്ടത്. നിമിഷയെ കാണാന്‍ അമ്മയ്ക്ക് മാത്രമാണ് അനുവാദം നല്‍കിയത്. ജയിലില്‍ ഫോണ്‍ അനുവദിച്ചിരുന്നില്ല. പ്രേമകുമാരിക്കൊപ്പം പോയ സാമുവല്‍ ജെറോം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ എംബസി അധികൃതരും ജയിലില്‍ എത്തിയിരുന്നു. 

ഏറെ നാള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇവര്‍ക്ക് യമനിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്. ഇനി മോചനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കാനാണ് ഇവരുടെ ശ്രമം. യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.  അതിനാല്‍ കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബവുമായും ഗോത്രവര്‍ഗ നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തും

2017 ജൂലൈ 25നായിരുന്നു കേസിനാസ്പദമായ തലാല്‍ അബ്ദുമഹ്ദിയുടെ കൊലപാതകം. നേഴ്സായ നിമിഷ തലാലില്‍ കെറ്റാമൈന്‍ മയക്കുമരുന്ന് കുത്തിവെച്ചു. അബോധാവസ്ഥയിലായ തലാലിനെ വെട്ടിനുറുക്കി. തുടര്‍ന്ന് സുഹൃത്തായ ഹനാന്റെ സഹായത്തില്‍ മൃതദേഹ ഭാഗങ്ങള്‍ കുടിവെള്ള ടാങ്കില്‍ ഒളിപ്പിച്ചുവെച്ചു. പിന്നീട് ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. 

പിന്നാലെ ഓഗസ്റ്റില്‍ നിമിഷയെയും ഹനാനെയും യമന്‍ പൊലീസ് അറസ്റ്റ് ചെയ്തു. യമന്‍ തലസ്ഥാനമായ സനയിലെ ക്ലിനിക്കിലെ നേഴ്സായിരുന്നു നിമിഷ. 2014ല്‍ യമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന്  പിന്നാലെയാണ് തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പരിചയപ്പെടുന്നത്. സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനാഗ്രഹിച്ച നിമിഷയ്ക്ക് ലൈസന്‍സിനായി തലാലിന്റെ സഹായം വേണ്ടി വന്നു. 2015ല്‍ ആരംഭിച്ച ക്ലിനിക്ക് വളരെ വേഗം സാമ്പത്തിക നേട്ടമുണ്ടാക്കി. എന്നാല്‍ ഒരു ഘട്ടത്തില്‍ വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെ അസ്വാരസ്യം ആരംഭിച്ചു. ക്രൂര പീഢനങ്ങള്‍ക്കൊടുവില്‍ മറ്റുവഴികളില്ലാതെ തലാലിനെ കൊല്ലേണ്ടി വന്നെന്നാണ് നിമിഷയുടെ വാദം.