പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം: യുഡിഎഫില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും-രമേശ് ചെന്നിത്തല

പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം:  യുഡിഎഫില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും-രമേശ് ചെന്നിത്തല


തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ച പി.വി അന്‍വര്‍ തുടര്‍ന്ന് യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചത് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. അന്‍വറുമായി കോണ്‍ഗ്രസോ യുഡിഎഫോ ഇത് സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലന്നും ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്ത് പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍:  പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നു എന്നുള്ള വിവരം ഇന്ന് വാര്‍ത്ത ചാനലിലൂടെ ആണ് ഞാന്‍ അറിയുന്നത്. അദ്ദേഹം സ്വന്തമായിട്ട് എടുത്ത ഒരു തീരുമാനമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അല്ലെങ്കില്‍ അദ്ദേഹം പുതിയ പാര്‍ട്ടി ചേരാന്‍ പോകുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും അദ്ദേഹം രാജിവച്ചത്. ഏതായാലും യുഡിഎഫിനെ പിന്തുണയ്ക്കുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ഇതേക്കുറിച്ച് ഒന്നും യുഡിഎഫ് ഇതുവരെ ആലോചിച്ചിട്ടില്ല. പി വി അന്‍വറിന്റെ വിഷയങ്ങളൊന്നും യുഡിഎഫില്‍ ഒരു ഘട്ടത്തിലും ചര്‍ച്ചയ്ക്ക് വേണ്ടി വന്നിട്ടില്ല.  സമയമാകുമ്പോള്‍ യുഡിഎഫ് ആ കാര്യം ചര്‍ച്ച ചെയ്യും. ഏതായാലും ഒരു ഉപതിരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. ഒന്നരവര്‍ഷത്തില്‍ നടക്കുന്ന രാജി ആയതുകൊണ്ട് സ്വാഭാവികം ആയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍  പെട്ടെന്ന് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്പീക്കര്‍ പെട്ടെന്ന് തന്നെ ഇന്റിമേഷന്‍ കൊടുക്കും. ഇന്റിമേഷന്‍ കൊടുത്തുകഴിഞ്ഞാല്‍ ഉടന്‍തന്നെ തെരഞ്ഞെടുപ്പ് തീയതി മറ്റും കാര്യങ്ങള്‍ ആയിട്ട് പോകാനുള്ള സാധ്യത ഉണ്ട്. അപ്പോള്‍ എന്ത് വേണം എന്നുള്ള തീരുമാനം യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനിക്കും. ആദ്യം ആലോചിക്കേണ്ടത് പാര്‍ട്ടിയിലാണ്, പാര്‍ട്ടി ഇത്തരം ഒരു ആലോചന ഒരു ഘട്ടത്തിലും നടത്തിയിട്ടില്ല. പാര്‍ട്ടി ആലോചിച്ച ശേഷം  യുഡിഎഫില്‍ ചര്‍ച്ച ചെയ്യും.  അങ്ങനെ  ഒരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കും.

അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളൊക്കെ നമ്മള്‍ നേരത്തെ പറഞ്ഞ വിഷയങ്ങളാണ്. ഈ ഗവണ്‍മെന്റ് അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. ആ അഴിമതിക്കെതിരെ ഉള്ള പോരാട്ടം യുഡിഎഫ് ആണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അത് അന്‍വര്‍ കൂടി പറഞ്ഞപ്പോള്‍ അത് ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമായി. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ അഴിമതിയും കൊള്ളയും കഴിഞ്ഞ എട്ടു വര്‍ഷമായി ജനമധ്യത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന കാര്യമാണ്. അതേ കാര്യം അതേ കാര്യം ഇടതുപക്ഷ സഹയാത്രികനായ അന്‍വര്‍ ഉന്നയിക്കുമ്പോള്‍ അതില്‍ കുറെ കൂടി വിശ്വാസ്യത വരുകയാണ്. കൂടെ കിടക്കുന്നവര്‍ക്ക് അല്ലേ രാപ്പനി അറിയു.   കേരളം കണ്ട ഏറ്റവും അഴിമതി ഗവണ്‍മെന്റാണിത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ജനങ്ങളാല്‍ വെറുക്കപ്പെട്ട ഒരു ഗവണ്‍മെന്റ് ഉണ്ടായിട്ടില്ല. സര്‍ക്കാരിനെതിരെ അന്‍വര്‍ പറഞ്ഞ കാര്യങ്ങളോട് ഞങ്ങള്‍ക്ക് യോജിപ്പാണ്. നേരത്തെ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം.

യുഡിഎഫിന് നിരുപാധികമായി പിന്തുണ നല്‍കാറുള്ള പി വി അന്‍വറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. സ്ഥാനാര്‍ത്ഥി  ആരു വേണമെന്നുള്ളത് നിശ്ചയിക്കാന്‍ പാര്‍ട്ടിക്ക് ഒരു സിസ്റ്റം ഉണ്ട്. . പാര്‍ട്ടി എല്ലാവരും ആയി ചര്‍ച്ച ചെയ്യും. അവിടുത്തെ പ്രധാന നേതാക്കളുമായി ചര്‍ച്ച ചെയ്ത് പാര്‍ട്ടിയുടെ സിസ്റ്റം അനുസരിച്ച് തീരുമാനമെടുക്കും.  അത് ഇപ്പോള്‍ തീരുമാനിക്കേണ്ട ഒരു കാര്യമല്ല. അത് ആ ഘട്ടത്തില്‍ തീരുമാനിക്കേണ്ട കാര്യമാണ്.

അന്‍വറിന്റെ രാജിയെക്കുറിച്ച് കോണ്‍ഗ്രസില്‍ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. അന്‍വര്‍ രാജിവയ്ക്കാന്‍ പോകുന്ന കാര്യം ഇന്ന് രാവിലെയാണ് അറിയുന്നത്.  അതുകൊണ്ട് ആ ഒരു വിഷയം ചര്‍ച്ച ചെയ്യാനുള്ള ഒരു സാധ്യത ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.