തിരുവനന്തപുരം: മോഹന്‍ലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം നേടിയ മോഹന്‍ലാലിന് കേരളം നല്‍കിയ ആദരവില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ഈ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നല്‍കുന്നു. ഈ പുരസ്‌കാരത്തിലൂടെ ദേശീയതലത്തില്‍ നമ്മുടെ സിനിമയുടെ കലാമൂല്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാള സിനിമയെ അന്താരാഷ്ട്രതലത്തില്‍ അടയാളപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന് 2ഈ അംഗീകാരം ലഭിച്ചത് 2004ല്‍ പുരസ്‌ക്കാരം ലഭിച്ച് ഇരുപത് വര്‍ഷത്തിനുശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു സുവര്‍ണ നേട്ടമാണ് ഈ പുരസ്‌കാരം. മൂന്നു വര്‍ഷം കൂടി പിന്നിടുമ്പോള്‍ മലയാള സിനിമയ്ക്ക് 100 വയസ്സു തികയുകയാണ്. ശതാബ്ദിയോടടുത്ത മലയാള സിനിമയില്‍ അരനൂറ്റാണ്ടുകാലമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. 1978ലെ 'തിരനോട്ടം' എന്ന സിനിമ മുതല്‍ കഴിഞ്ഞ 48 വര്‍ഷക്കാലമായി മോഹന്‍ലാല്‍ നമ്മോടൊപ്പമുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലെ മലയാളിയുടെ സിനിമാനുഭവത്തില്‍ ഏറ്റവും സൂക്ഷ്മമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു മോഹന്‍ലാല്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ നല്‍കിയ ഭാവാനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
1980 മുതല്‍ 2025 വരെയുള്ള കേരളത്തിന്റെ നാലരപ്പതിറ്റാണ്ടുകാലത്തെ സാമൂഹികവും സാംസ്‌കാരികവുമായ വികാസപരിണാമങ്ങള്‍, ഈ കാലയളവിലെ മലയാളിയുടെ വൈകാരികജീവിതം, മൂല്യബോധങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയുടെ ദൃശ്യപരമായ അനുഭവരേഖ തന്നെയാണ് മോഹന്‍ലാല്‍ച്ചിത്രങ്ങളെന്നും അത്രമേല്‍ സ്വാഭാവികമായാണ് മോഹന്‍ലാല്‍ ഈ കാലയളവിലെ മലയാളിയെ തിരശ്ശീലയില്‍ പകര്‍ത്തിവെച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മോഹന്‍ലാല്‍ അഭിനയിച്ചുവരുന്നു. മണിരത്‌നത്തിന്റെ 'ഇരുവര്‍' എന്ന തമിഴ് ചിത്രത്തില്‍ എം ജി ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ അഭിനയം അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത ചിത്രമാണിത്. രാംഗോപാല്‍ വര്‍മ്മയുടെ 'കമ്പനി' എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'വൃഷഭ' ഈ മാസം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. തമിഴ്, കന്നട, ഹിന്ദി, മലയാളം പതിപ്പുകളുള്ള ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള സൂപ്പര്‍താരം കൂടിയായി മോഹന്‍ലാല്‍ മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഒരേസമയം നല്ല നടനും ജനപ്രീതിയുള്ള താരവും ആയിരിക്കുക എന്നത് എളുപ്പമല്ല. പക്ഷേ മോഹന്‍ലാലിന് നൈസര്‍ഗികമായ കഴിവുകള്‍ കൊണ്ട് അത് അനായാസം സാധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാള ചലച്ചിത്രവ്യവസായത്തിന്റെ നെടുംതൂണായി നില്‍ക്കുന്ന ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. പ്രദര്‍ശന വിജയം നേടിയ നിരവധി സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. കലാമൂല്യവും വാണിജ്യമൂല്യവുമുള്ള സിനിമകളാണ് അദ്ദേഹം നിര്‍മ്മിക്കുന്നത്. 1990കളില്‍ പ്രണവം ആര്‍ട്‌സ് എന്ന പേരില്‍ സിനിമകള്‍ നിര്‍മ്മിച്ചു തുടങ്ങി. 'ഭരതം', 'കാലാപാനി', 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലായിരുന്നു തുടക്കം. 2000 മുതല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ വലിയ ബജറ്റിലുള്ള സിനിമകള്‍ ഒരുക്കി തിയേറ്ററുകള്‍ നിറച്ചുകൊണ്ട് മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങിനിര്‍ത്തുകയും ചെയ്യുന്നു മോഹന്‍ലാലെന്നും അദ്ദേഹം പറഞ്ഞു.
ദാദാസാഹേബ് ഫാല്‍ക്കെയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ രാജാരവിവര്‍മയെ വിസ്മരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിളിമാനൂരില്‍ നിന്നുപോയ രാജാരവിവര്‍മ്മ ലോണാവാലയില്‍ സ്ഥാപിച്ച സ്വന്തം പ്രസ്സ് വിറ്റുനല്‍കിയ പണം കൊണ്ടാണ് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഫാല്‍ക്കെ തന്റെ ആദ്യ ചിത്രമെടുക്കുന്നത്. രാജാരവിവര്‍മ്മ ഇന്ത്യന്‍ ചിത്രകലയുടെ ആചാര്യനായി. ഫാല്‍കെ ഇന്ത്യന്‍ ചലച്ചിത്ര കലയുടെ ആചാര്യനായി. ഫാല്‍ക്കെയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന മോഹന്‍ലാല്‍ ഇന്ത്യന്‍ ചലച്ചിത്രാഭിനയ കലയുടെ സമുന്നത പീഠത്തിന് അധിപനുമായെന്നും മുഖ്യമന്ത്രി പറഞ്ഞു.