ശബരിമല സ്വര്‍ണ്ണപാളി വിവാദം ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണ്ണപാളി വിവാദം ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി


കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദത്തില്‍ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. 

ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. സംഭവത്തില്‍ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണപരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയില്‍ 1999ല്‍ ദ്വാരപാലക ശില്പത്തില്‍ സ്വര്‍ണ്ണം പൊതിഞ്ഞെങ്കില്‍ പിന്നെന്തിനാണ് 20വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണ്ണം പൂശിയത്? പൂശിയത് സ്വര്‍ണ്ണമോ അതോ ചെമ്പോ? ഹൈക്കോടതിയുടെ ഈ സംശയങ്ങളിലൂന്നിയുള്ള ചോദ്യങ്ങള്‍ വഴിതുറന്നത് ശബരിമലയില്‍ നടന്ന വലിയ തട്ടിപ്പിലേക്കെന്നാണ് നിലവില്‍ പുറത്ത് വന്ന വിവരങ്ങള്‍.

 വിവാദത്തില്‍ വ്യക്തത വരുത്താന്‍ എസ് പി റാങ്കിലുള്ള ചീഫ് സെക്യൂരിറ്റി ഓഫീസറെയാണ് കോടതി അന്വേഷണത്തിന് ആദ്യം നിയോഗിച്ചത്.

എന്നാല്‍ ഈ അന്വേഷണത്തിലെ ഇടക്കാല റിപ്പോര്‍ട്ടില്‍ തന്നെ ഗുരുതര കണ്ടെത്തലുകള്‍ കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനെ കോടതി നേരിട്ട് നിയോഗിച്ചത്. ഇന്ന് ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി കോടതിയില്‍ ഹാജരാക്കി. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണോ വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്? ഉദ്യോഗസ്ഥ തല ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ടീം അന്വേഷിക്കും.