കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടി കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഷൈനും കുടുംബവും നിയമോപദേശം തേടിയതായാണ് സൂചന. തനിക്ക് പങ്കില്ലാത്ത കേസില്‍ പ്രതിയാക്കിയെന്ന വാദമാണ് ഉയര്‍ത്തുക.
ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കില്‍ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും. കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന വാദവും ഉന്നയിക്കും.
ഷൈനിന്റെ സാമ്പത്തിക വിവരമാണ് പൊലീസ് അന്വേഷിക്കുന്നത്. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ചാടി ഓടിയത് തെളിവ് നശിപ്പിക്കാനാണെന്ന നിഗമനത്തിലാണ് പൊലീസ്. മയക്കുമരുന്ന് ഉപയോഗിച്ചോ എന്നറിയാന്‍ മുടിയുടേയും നഖത്തിന്റേയും സാംപിളുകള്‍ ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേയ്ക്ക് അയച്ച സാംപിളിന്റെ പരിശോധന ഫലം വരാന്‍ ഒരു മാസമെടുത്തേക്കുമെന്നാണ് സൂചന.
അതേസമയം മയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി സജീറിനായുള്ള തെരച്ചിലിലാണ് പൊലീസ്. ഡാന്‍സാഫ് സംഘം സജീറിനെ തേടിയായിരുന്നു എറണാകുളം നോര്‍ത്തിലെ ജി എസ് വേദാന്ത ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. ഇയാള്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കൊച്ചിയില്‍ ലഹരിക്കേസില്‍ പിടിയിലായവരില്‍ നിന്നാണ് സജീറിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്ന് രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഷൈനെ ചോദ്യം ചെയ്ത എസിപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും വീണ്ടും ചോദ്യം ചെയ്യേണ്ട തിയതിയും മറ്റും തീരുമാനിക്കുക.
ലഹരിക്കേസില്‍ കുടുക്കാനുള്ള പോലീസ് നീക്കത്തിനെതിരെ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും
