വൃദ്ധ ദമ്പതികള്‍ വീടിന് തീ പിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; മകന്‍ പിടിയില്‍

വൃദ്ധ ദമ്പതികള്‍ വീടിന് തീ പിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; മകന്‍ പിടിയില്‍


ആലപ്പുഴ: മാന്നാറില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങി വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വീടിന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് മകന്‍ വിജയന്‍ പൊലീസില്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ശനിയാഴ്ച പുലര്‍ച്ചയാണ് ചെന്നിത്തല കോട്ടുമുറിയില്‍ വൃദ്ധ ദമ്പതികളായ രാഘവനും ഭാര്യ ഭാരതിയും താമസിച്ചിരുന്ന വീടിന് തീപിടിക്കുന്നത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുമ്പോഴേക്കും ഇരുവരും മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

അഞ്ച് മക്കളില്‍ മൂന്നാമത്തെ മകന്‍ വിജയന് ഒപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സ്വത്ത് ഭാഗം വയ്ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്ന ഇയാള്‍ ഇരുവരെയും കൊല്ലുമെന്ന് മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നതായി മരുമകന്‍ പറഞ്ഞു. മദ്യപിച്ചെത്തുന്ന ഇയാള്‍ നിരന്തരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വസ്തു ഭാഗം വയ്ക്കുന്നതിന്റെ പേരില്‍ പിതാവിനെ ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ വിജയനോട് ആവശ്യപ്പെട്ടിരുന്നു.