ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി അന്തരിച്ചു

ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി അന്തരിച്ചു


അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി അന്തരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദാണ് മരണവാര്‍ത്ത പങ്കുവച്ചത്. 2006 മുതല്‍ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി. എക്സിലൂടെ ടീസ്റ്റ സെതല്‍വാദ് മരണത്തില്‍ അനുശോചിച്ചു.

2002ല്‍ ഗുജറാത്തിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വച്ചായിരുന്നു 68 പേര്‍ക്കൊപ്പം എസ്ഹാന്‍ ജാഫ്രിയും കൊല്ലപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ഗുജറാത്ത് വംശഹത്യയില്‍ ?അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്നാരോപിച്ചും ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടും നിയമപോരാട്ടം നടത്തിയതോടെയാണ് സാക്കിയ ജാഫ്രി രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് വന്നത്.

ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് സാക്കിയ അടക്കം നടത്തിയ നിയമ പോരാട്ടത്തെ തുടര്‍ന്നായിരുന്നു. പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

അന്വേഷക സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ സാക്കിയ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആ അപ്പീല്‍ തള്ളി. 'ഈ പോരാട്ടം എന്റെ ഭര്‍ത്താവിന് വേണ്ടി മാത്രമുള്ളതല്ല, മോദി തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിച്ച ആയിരകണക്കിന് മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള അവസാന ശ്രമം കൂടിയാണ്' എന്നായിരുന്നു നിയമ പോരാട്ടത്തെക്കുറിച്ചുള്ള സാക്കിയയുടെ പ്രതികരണം.

അഹമ്മദാബാദില്‍ വച്ചായിരുന്നു അന്ത്യമെന്നും കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കവേ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നും സാക്കിയ ജാഫ്രിയുടെ മകന്‍ തന്‍വീര്‍ ജാഫ്രി പറഞ്ഞു.