ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെത്തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിവിട്ട 8 എം എല്‍ എമാരും ബി ജെ പിയില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ ഇവര്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കായി പ്രചരണത്തില്‍ സജീവമാകുമെന്നാണ് വിവരം.
വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എംഎല്‍മാര്‍ കൂട്ടത്തോടെ മറുകണ്ടം ചാടിയത്. നരേഷ് കുമാര്‍, രോഹിത് കുമാര്‍, രാജേഷ് ഋഷി, മദന്‍ ലാല്‍, പവന്‍ ശര്‍മ, ഭാവ്‌ന ഗൗഡ്, ഗിരീഷ് സോണി, ഭൂപീന്ദര്‍ സിങ് ജൂണ്‍ എന്നീ എട്ട് എംഎല്‍എമാരാണു രാജിവച്ചത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 20ഓളം സിറ്റിംഗ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതുകൊണ്ട് തന്നെ കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിലുള്ള എല്ലാ വിശ്വാസവും നഷ്ടമായെന്ന് ഇവര്‍ പ്രതികരിച്ചത്. എന്നാല്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ലെന്നും സ്ഥാനമോഹികളാണ് പാര്‍ട്ടി വിട്ടതെന്നുമാണ് ആം ആദ്മി പാര്‍ട്ടി വാദം.