പ്രയാഗ് രാജ്: മഹാ കുംഭമേളയില്‍ ബുധനാഴ്ച തിക്കിലും തിരക്കിലും നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ഭക്തര്‍. കുംഭമേള നഗറില്‍ നിന്നും പുറത്തേക്ക് പോകാന്‍ ആഗ്രഹിച്ചവര്‍ക്ക് അതിന് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിര്‍ത്തികള്‍ അടച്ചിടുകയും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തതും ഭക്തര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലച്ചു. തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുണ്ടായത്.
കുംഭമേളയ്ക്കുള്ളില്‍ പൊതുഗതാഗതം വിരളമാണ്. ഏതാനും പാലങ്ങള്‍ മാത്രമാണ് തുറന്നത്. കടുത്ത സ്തംഭനത്തെ തുടര്‍ന്ന് മടങ്ങാന്‍ ആഗ്രഹിച്ചവര്‍ കുടുങ്ങിപ്പോവുകയായിരുന്നു. പലര്‍ക്കും റെയില്‍വേ സ്റ്റേഷനുകളിലേക്ക് ദീര്‍ഘദൂരം നടക്കേണ്ടി വന്നു.
സാധനങ്ങളുടെ അളവ് കുറഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു. ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി, പാല്‍ തുടങ്ങിയ അടിസ്ഥാന വസ്തുക്കള്‍ക്കെല്ലാം അമിത വിലക്കയറ്റമാണ് കുംഭമേള നഗരിയില്‍ അനുഭവപ്പെട്ടത്.