പോക്‌സോ കേസ് അതിജീവിതയുടേത് കഴുത്തില്‍ ഷാള്‍ മുറുകിയ മസ്തിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പോക്‌സോ കേസ് അതിജീവിതയുടേത് കഴുത്തില്‍ ഷാള്‍ മുറുകിയ മസ്തിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


കൊച്ചി: ചോറ്റാനിക്കരയില്‍ പോക്‌സോ കേസ് അതിജീവിതയുടേത് ഷാള്‍ കഴുത്തില്‍ മുറികിയതു മൂലമുണ്ടായ മസ്തിഷ്‌ക മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരമാസകലം മുറിപ്പാടുകളുണ്ടെന്നും പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം സംസ്‌ക്കരിച്ചു. അനൂപ് ജേക്കബ് എം എല്‍ എ ഉള്‍പ്പെടെ നാട്ടുകാരും ബന്ധുക്കളും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

വെള്ളിയാഴ്ച വൈകിട്ട് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം രാവിലെയോടെയാണ് കളമശ്ശേരി മെഡിക്കല്‍ കോളെജിലെത്തിച്ചത്. പ്രതിക്കെതിരേ കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തുമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രതി അനൂപ് നിലവില്‍ റിമാന്‍ഡിലാണ്. ബലാത്സംഗം, വധശ്രമം എന്നീ കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

2021ലെ പോക്‌സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയില്‍ അര്‍ധനഗ്നയായി പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. പിന്നാലെ പെണ്‍കുട്ടിയുടെ മുന്‍ കാമുകന്‍ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലാവുകയും തുടര്‍ന്ന് പ്രണയത്തിലാവുകയും ചെയ്യുന്നത്. അനൂപ് മുന്‍പും പല കേസുകളിലും പ്രതിയാണെന്ന് വിവരമുണ്ട്. സംശയത്തിന്റെ പേരിലാണ് പെണ്‍കുട്ടിയെ ഇത്രയുമധികം മര്‍ദിച്ചതെന്നാണ് അനൂപ് മൊഴി നല്‍കിയത്. ക്രൂര മര്‍ദനത്തിനു ശേഷം പെണ്‍കുട്ടി മരിച്ചെന്നു കരുതിയാണ് താന്‍ അവിടെ നിന്ന് പോന്നതെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്.