ഫിലാഡല്‍ഫിയ: വടക്കു കിഴക്കന്‍ ഫിലാഡല്‍ഫിയയിലെ നിരവധി കെട്ടിടങ്ങളില്‍ ചെറിയ മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ട് വിമാനം ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും കൊല്ലപ്പെടുകയും പ്രദേശത്തുണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രോഗിയായ ഒരു കുട്ടിയേയും അമ്മയേയും നാല് ജീവനക്കാരേയും വഹിച്ചുകൊണ്ട് പറന്ന മെഡിക്കല്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വിമാനം വേഗത്തില്‍ താഴേക്ക് വരുന്നതും ഒരു വലിയ തീഗോളമാകുന്നതും ദൃശ്യങ്ങളിലുണ്ട്.
വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മെക്സിക്കന്‍ വംശജരാണെന്ന് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പറഞ്ഞു. വിമാനം മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡിലേക്കാണ് പറന്നത്.
വിമാനം തകര്‍ന്ന പ്രദേശത്തുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെല്ലാം പാര്‍ക്കിംഗ് സ്ഥലങ്ങളിലും തെരുവുകളിലും കാറുകളിലും പ്രദേശത്തെ വീടുകളിലും ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ പരിക്കേറ്റവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
പ്രദേശത്തു്ണ്ടായിരുന്ന ആറ് പേരെ ചികിത്സിച്ചതായി ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ജീന്‍സ് വക്താവ് പറഞ്ഞു.
മൂന്ന് പേരെ ചികിത്സ നല്‍കി വിട്ടയച്ചെങ്കിലും മൂന്ന് പേരുടെ അവസ്ഥയെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രാദേശിക സമയം വൈകിട്ട് 6.7നാണ് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 6.4 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും തകര്‍ന്നുവീണതെന്ന് ബി ബി സിയുടെ യു എസ് പങ്കാളി സി ബി എസ് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ പെട്ടെ വിമാനത്തില്‍ നിന്നും തകര്‍ന്നു വീണ കഷ്ണങ്ങള്‍ കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും കത്തിക്കൊണ്ടിരുന്ന ഭാഗങ്ങള്‍ തെരുവുകളിലേക്ക് പതിക്കുകയും ചെയ്തതായി സാക്ഷികള്‍ വിവരിച്ചു.
യു എസിലെ അഞ്ചാമത്തെ വലിയ നഗരമായ ഫിലാഡല്‍ഫിയയിലെ ജനസാന്ദ്രതയുള്ള ഭാഗത്തുള്ള മൂന്ന് നില ഷോപ്പിംഗ് സെന്ററായ റൂസ്വെല്‍റ്റ് മാളില്‍ നിന്ന് ഏതാനും ബ്ലോക്കുകള്‍ക്കകത്താണ് അപകടം നടന്നത്.
ടെറസുള്ള വീടുകളും കടകളും നിറഞ്ഞ പ്രദേശമാണിത്.
കോട്ട്മാന്‍ അവന്യൂ, റൂസ്വെല്‍റ്റ് ബൊളിവാര്‍ഡ് പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചതായി അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന മെക്സിക്കോയിലെ ടിജുവാനയില്‍ നിന്നുള്ള വിമാനത്തിലുണ്ടായിരുന്ന പെണ്‍കുട്ടി ഷ്രൈനേഴ്‌സ് ചില്‍ഡ്രന്‍സ് ഫിലാഡല്‍ഫിയയില്‍ ചികിത്സ നേടിയിരുന്നുവെന്ന് ആശുപത്രി വക്താവ് മെല്‍ ബോവര്‍ വ്യക്തമാക്കി.
ചികിത്സ പൂര്‍ത്തിയായതിന് ശേഷം പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ ജെറ്റ് എയര്‍ റെസ്‌ക്യൂ എയര്‍ ആംബുലന്‍സില്‍ നിന്നുള്ളവരാണ്.
ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ളൈറ്റ്അവെയറിലെ ഡാറ്റ അനുസരിച്ച് വിമാനം മെഡ് ജെറ്റ്സ് എന്ന കമ്പനിയുടേതാണ്.
വാഷിംഗ്ടണ്‍ ഡിസിയില്‍ വാണിജ്യ ജെറ്റും സൈനിക ഹെലികോപ്റ്ററും തമ്മിലുണ്ടായ കൂട്ടിയിടിക്ക് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു വിമാനാപകടം സംഭവിച്ചത്.